പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിലെ കുലശേഖരപതിയും കുമ്പഴയും കൊവിഡ് ക്ലസ്റ്ററുകൾ. ജില്ലയിൽ ആദ്യമായാണ് കൊവിഡ് ക്ലസ്റ്റർ ഉണ്ടാകുന്നത്. ഈ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും. തിരുവല്ല തിരുമൂലപുരത്ത് 19 കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഹോളി സ്പിരിറ്റ് കോൺവെന്റ് അടച്ചു.

കുലശേഖരപതിയിലും കുമ്പഴയിലുമായി 72 പേർക്കാണ് ഒരാഴ്ച കൊണ്ട് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിലേറെയും സ്ഥിരീകരിച്ചത് റാപ്പി‍ഡ് ആന്റിജൻ പരിശോധനയിലൂടെയാണ്. ഈ സാഹചര്യത്തിലാണ് ഇരുപ്രദേശങ്ങളും കൊവിഡ് ക്ലസ്റ്ററുകളായത്. ഏറ്റവും അധികം രോഗബാധിതരുള്ള ഈ പ്രദേശങ്ങളിൽ രോഗലക്ഷണങ്ങൾ ഉള്ളവരിൽ ആന്റിജൻ പരിശോധന തുടരുകയാണ്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പത്തനംതിട്ട നഗരസഭ കണ്ടെയ്ൻമെന്റ് സോണായി തുടരും. നഗരസഭക്ക് പുറത്തേക്കും ഉറവിടം അറിയാത്തതും സമ്പർക്കത്തിലൂടെയുള്ളതുമായ രോഗ ബാധിതരുടെ എണ്ണം കൂടിയിട്ടുണ്ട്. പന്തളത്തും തിരുവല്ലയിലും റപ്പിഡ് പരിശോധകളുണ്ടാകും. ഇതിന് ശേഷമേ ക്ലസ്റ്റർ രൂപപെടൽ വ്യക്തമാകു.

തിരുവല്ല തിരുമൂലപുരത്തെ ഹോളി സ്പിരിറ്റ് കോൺവെന്റിൽ രോഗം ബാധിക്കുന്ന കന്യാസ്ത്രീകളുടെ എണ്ണവും കൂടുകയാണ്. 35 ജീവനക്കാരും അഞ്ച് ജോലിക്കാരുമുള്ള മഠത്തിൽ ഇതുവരെ 19 പേർക്ക് രോഗം കൊവിഡ് സ്ഥിരീകരിച്ചു. ബാക്കിയുള്ളവർ നിരീക്ഷണത്തിലാണ് തിരുവല്ല പുഷപഗിരി ആശുപത്രിയിൽ ഹെഡ് നഴ്സായ കന്യാസ്ത്രീക്കാണ് ആദ്യം രോഗം ബാധിച്ചത്. ഇവരുടെ ഉറവിടം വ്യക്തമല്ല. അടൂർ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോക്ടർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.