Asianet News MalayalamAsianet News Malayalam

'ആർടിപിസിആർ നിരക്ക് കുറച്ച ഉത്തരവ് കിട്ടിയില്ല'; പകൽകൊള്ള തുടർന്ന് സ്വകാര്യലാബുകൾ

ഉത്തരവ് കിട്ടുന്നത് വരെ പരിശോധനയ്ക്ക് പഴയ നിരക്ക് തുടരും. ഉത്തരവ് കിട്ടിയ ശേഷം കുറഞ്ഞ നിരക്ക് പ്രാബല്യത്തിലാക്കുമെന്നും സ്വകാര്യ ലാബുകൾ വ്യക്തമാക്കുന്നു. ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ. ശൈലജ ഇന്നലെ വൈകിട്ടാണ് അറിയിച്ചത്.

covid rtpcr test rate reduction order not received daytime robbery continues by private labs
Author
Thiruvananthapuram, First Published Apr 30, 2021, 10:21 AM IST

തിരുവനന്തപുരം: കൊവിഡ്-19 ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക് കുറച്ചതായുള്ള സർക്കാർ ഉത്തരവ് ഇതുവരെ കിട്ടിയിട്ടില്ലെന്ന് സംസ്ഥാനത്തെ സ്വകാര്യ ലാബുകൾ. ഉത്തരവ് കിട്ടുന്നത് വരെ പരിശോധനയ്ക്ക് പഴയ നിരക്ക് തുടരും. ഉത്തരവ് കിട്ടിയ ശേഷം കുറഞ്ഞ നിരക്ക് പ്രാബല്യത്തിലാക്കുമെന്നും സ്വകാര്യ ലാബുകൾ വ്യക്തമാക്കുന്നു. 

ഉത്തരവ് വൈകുന്നതിനെതിരെ പ്രതിപക്ഷം അടക്കം രം​ഗത്തെത്തിയിട്ടുണ്ട്. എത്രയും വേ​ഗം ഉത്തരവ് പുറത്തിറക്കി ജനങ്ങളെ പകൽകൊള്ളയിൽ നിന്ന് രക്ഷിക്കണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടു. ആർ‌ടിപിസിആർ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട്  ഷാഫി പറമ്പിലും, കെ.എസ്.ശബരീനാഥനും ഹൈക്കോടതിയിൽ ഇന്നലെ ഹർജി നൽകിയിരുന്നു. ആർടിപിസിആർ, ആന്റിജന്‍ ടെസ്റ്റുകളില്‍ ഉയർന്ന നിരക്ക് ഈടാക്കുന്നുവെന്നാണ് ഹര്‍ജിയിലെ പരാതി. 300 രൂപ ചെലവ് വരുന്ന ആർടിപിസിആർ ടെസ്റ്റിന് 1700 രൂപയും, 125 രൂപ ചിലവുള്ള ആന്റിജന്‍ പരിശോധനയ്ക്ക് 600 രൂപയും വാങ്ങുന്നു. കൊവിഡ്  പരിശോധനാ നിരക്ക് ഏറ്റവും കൂടുതല്‍ കേരളത്തിലാണ് . വില നിയന്ത്രണത്തിൽ സർക്കാർ  ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഇന്ന് കോടതി പരി​ഗണിക്കും. ആർടിപിസിആർ നിരക്ക് സർക്കാർ കുറച്ചതുകൊണ്ട് അതുസംബന്ധിച്ച വാദങ്ങൾ അപ്രസക്തമാകുമെന്നാണ് നിയമവിദ​ഗ്ധർ പറയുന്നത്. 

സ്വകാര്യ ലാബുകളിലെ കൊവിഡ്-19 ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ. ശൈലജ ഇന്നലെ വൈകിട്ടാണ് അറിയിച്ചത്. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. മുമ്പ് ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐ.സി.എം.ആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്തുവാന്‍ പാടുള്ളൂ. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കൊവിഡ് പരിശോധനകളും നടത്തുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 


 

Follow Us:
Download App:
  • android
  • ios