തിരുവനന്തപുരം: നാലുപേർക്ക് കൂടി ഉറവിടം അറിയാതെ കൊവിഡ് സ്ഥിരീകരിച്ച തിരുവന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം. സൊമാറ്റോ ഡെലിവറി ബോയിക്ക് രോഗം സ്ഥീകരിച്ചതോടെ കണ്ടെയിന്‍മെന്‍റ് മേഖലകളിൽ ഭക്ഷണ വിതരണം അവസാനിപ്പിച്ചു. കുന്നത്തുകാൽ സ്വദേശിയായ സൊമാറ്റോ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. പാളയം മത്സ്യമാർക്കറ്റിന് പിന്നിലെ ലോഡ്ജിലായിരുന്നു താമസം. നഗരത്തിലെ പലപ്രധാന ഹോട്ടലുകളിൽ നിന്നും മിക്ക സ്ഥലങ്ങളിലേക്കും ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്. ബുധനാഴ്ചയാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. ക്വാറന്‍റീനില്‍ കഴിയുന്നവരുടെ വീടുകളിലെ ഭക്ഷണം വിതരണത്തിലൂടെയാകാം രോഗം പിടിപ്പെട്ടത് എന്നാണ് നിഗമനം.

സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുമ്പോഴും നിലവിൽ ട്രിപ്പിൾ ലോക്ക്ഡൗണ് വേണ്ടെന്നാണ് തീരുമാനം. ഇന്നലെ രോഗം സ്ഥിരീകരിച്ച 16 പേരിൽ സമ്പർക്കത്തിലൂടെ രോഗം പിടിപ്പെട്ട നാലുപേരും നഗരവാസികളാണ്. നാല് പേരുടെയും ഉറവിടം അവ്യക്തമാണ്. ഇതോടെ തിരുവന്തപുരത്ത് ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം 26ആയി. 

വൈറസ് ബാധ സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയായ മെഡിക്കൽ റെപ്രസെന്‍റേറ്റീവ് കഴക്കൂട്ടത്തെ ആശുപത്രികളും നാലാഞ്ചിറ കെജികെ ആശുപത്രിയും സന്ദർശിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി ബന്ധപ്പെട്ട ഡോക്ടർമാരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടു. യാത്രാപശ്ചാത്തലമില്ലാത്ത 66കാരനും പൂന്തുറയിൽ രോഗം സ്ഥിരീകരിച്ചു. കുമരിച്ചന്ത മീൻ ചന്തയിലെ ജീവനക്കാരനായ കല്ലാട്ടുമുക്ക് സ്വദേശിക്കും രോഗം സ്ഥിരികരിച്ചിട്ടുണ്ട്. പൂന്തുറ, ബീമാപള്ളി അടക്കമുള്ള തീരദേശ മേഖലകളെ പ്രത്യേകം നിരീക്ഷിക്കാനായി കണ്ട്രോൾ റൂം തുറക്കും. നഗരസഭയുടെ പ്രത്യേക സ്വകാഡുകൾ രാത്രികാല പരിശോധന നടത്തും

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ബാലാരാമപുരം സ്വദേശിയായ വെൽഡറുടെ റൂട്ട് മാപ്പ് പുറത്തു വന്നു. നിരവധി പേരാണ് ഇയാളുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉളളത്. ബാലരാമപുരം , കോട്ടുകാൽ വില്ലേജ് ഓഫീസുകൾ, സബ് രജിസ്ട്രാർ ഓഫീസ്, മെഡിക്കൽ കോളേജിലെ ഒപി ബ്ലോക്ക് എന്നിവിടങ്ങളിലെല്ലാം സമ്പര്‍ക്ക പട്ടികയിൽ ഉണ്ട്. കാലടിയിലെ ഒരു വീട്ടിൽ വെൽഡിംഗ് ജോലിക്കും പോയി. നെയ്യാറ്റിൻകര വഴുതൂർ സ്വദേശിയും വിഎസ്എസ്സിയിലെ അപ്രന്‍റീസ് ട്രെയിനിയുമായ ആളുടെ റൂട്ട് മാപ്പും പുറത്തുവന്നു. വഴുതൂരിലെ നിരവധി കടകളിലും സൂപ്പർമാർക്കറ്റുകളിലും സന്ദർശനം നടത്തിയിട്ടുണ്ട്. പാളയം ഗുഡ് മോണിംഗ് സ്റ്റോറിലെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി 14 ദിവസത്തെ ക്വാറന്‍റീനില്‍ കഴിഞ്ഞ ശേഷം 28, 29 തീയതികളിൽ പാളയത്തെ വിവിധ കടകൾ സന്ദർശിച്ചിട്ടുണ്ട്.