രാജ്യത്തെ ആകെ കൊവിഡ് കേസുകളിൽ 70 ശതമാനവും രണ്ട് സംസ്ഥാനങ്ങളിൽ നിന്നാവുന്ന അവസ്ഥയാണ് ഇപ്പോൾ.
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം ദിനംപ്രതി കുറഞ്ഞു വരുമ്പോൾ കേരളത്തിൽ കൊവിഡ് ശക്തമായ രീതിയിൽ തുടരുന്നത് വെല്ലുവിളിയാവുന്നു. ഇന്ന് രാവിലെ ഒൻപത് മണി വരെയുള്ള 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തതിൽ പകുതിയിലേറെ കൊവിഡ് കേസുകളും കേരളത്തിലാണ്.
ഇന്ത്യയിലാകെ 11,039 കൊവിഡ് കേസുകൾ ഈ മണിക്കൂറിൽ റിപ്പോർട്ട് ചെയ്തപ്പോൾ കേരളത്തിൽ മാത്രം 5716 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്താകെ കേസുകളുടെ പകുതിയിലേറെയും കേരളത്തിലാവുന്ന അവസ്ഥയാണിത്. കൊവിഡ് വ്യാപനം അതിതീവ്രമായിരുന്ന മഹാരാഷ്ട്രയിൽ 1927 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊവിഡ് കേസുകളിൽ 70 ശതമാനവും രണ്ട് സംസ്ഥാനങ്ങളിൽ നിന്നാവുന്ന അവസ്ഥയാണ് ഇപ്പോൾ.
കൊവിഡ് വ്യാപനം രൂക്ഷമായ കേരളത്തിലേക്കും മഹാരാഷ്ട്രയിലേക്കും വീണ്ടും പ്രത്യേക സംഘത്തെ അയക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചിരുന്നു. കൊവിഡ പ്രതിരോധ നടപടികള്‍ സംസ്ഥാനത്ത് പാളിയെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിൽ ഒന്നാമതായ കേരളത്തിൽ ടെസ്ററ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയുടെ അഞ്ചിരിട്ടിയാണ്. രോഗവ്യാപനം രൂക്ഷമായ രാജ്യത്തെ 12 ജില്ലകളും കേരളത്തിലാണ്.
കൊവിഡ് നിയന്ത്രണത്തില്‍ ഒരു ഘട്ടത്തിൽ രാജ്യത്ത് ഒന്നാം നമ്പറായിരുന്ന കേരളം രോഗവ്യാപനത്തിലും ഇപ്പോള്‍ ഒന്നാമതെത്തിയിരിക്കുന്നു. ഓണാഘോഷത്തിന് പിന്നാലെ ഉയര്‍ന്ന് തുടങ്ങിയ രോഗവ്യാപനതോത് തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പതിന്മടങ്ങായെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍.നേരത്തെ രണ്ട് തവണ കേരളത്തിലെത്തിയിരുന്നെങ്കിലും സ്ഥിതി ഗുരുതരമല്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.
ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ദില്ലി ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളേജിലെ വിദഗ്ധരുമടങ്ങുന്ന സംഘം ഒരാഴ്ചക്കുള്ളില്‍ കേരളത്തിലെത്തും. രോഗ നിയന്ത്രണത്തില്‍ സര്‍ക്കാരിന് വലിയ വീഴ്ച സംഭവിച്ചുവെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ കുറ്റപ്പെടുത്തിയിരുന്നു.
അതേ സമയം എല്ലാവര്‍ക്കും സൗജന്യ വാക്സീന്‍ വിതരണം ചെയ്യുമെന്ന് തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ അവകാശ വാദത്തില്‍ കേന്ദ്രം കൈമലര്‍ത്തി. വാക്സീന്‍ സൗജന്യമായി നല്‍കുമെന്ന് കേരളം ഇതുവരെ അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി രാജ്യസഭയെ അറിയിച്ചു. ആദ്യഘട്ടത്തില്‍ വാക്സീന്‍ സൗജന്യമായി നല്‍കുമെന്ന് മാത്രമാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.
