തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 1417 പേരിൽ 1242 പേര്‍ക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. 105 പേരുടെ രോഗ ഉറവിടവും വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ 62 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 72 പേര്‍ക്കും ആരോഗ്യപ്രവർത്തകരായ 36 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 21625 പരിശോധനകൾ നടത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി ചെല്ലയ്യൻ , കണ്ണൂർ കോളയാട് കുമ്പ മാറാടി, തിരുവനന്തപുരം വലിയ തുറ മണിയൻ, ചെല്ലാനം സ്വദേശി റാത്ത ചാൾസ്, വെള്ളനാട് സ്വദേശി പ്രേമ  എന്നിവരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 

കോട്ടയത്ത് അതിരമ്പുഴ, ഏറ്റുമാനൂർ മേഖലയിൽ കൊവിഡ് സമ്പർക്ക വ്യാപനം ഉണ്ട്. ഏറ്റുമാനൂർ ക്ലസ്റ്ററിന്റെ ഭാഗമായ അതിരമ്പുഴ പഞ്ചായത്ത് പ്രത്യേക ക്ലസ്റ്ററാക്കി. എറണാകുളം ഫോർട്ട്കൊച്ചി മേഖലയിൽ രോഗം വ്യാപിക്കുകയാണ്.  കണ്ടെയ്ൻമെന്റ് സോണിലെ വ്യവസായ ശാലകൾക്ക് കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജില്ലയിലെ മാർക്കറ്റുകൾ മാർഗനിർദ്ദേശം പാലിച്ച് തുറക്കാം. തൃശ്ശൂരിൽ മങ്കര, മിനാലൂർ ക്ലസ്റ്റുകൾ രൂപം കൊണ്ടു. 

കോഴിക്കോട് ഒരു വീട്ടിൽ അഞ്ചിലേറെ പേർ രോഗികളായ 24 വീടുകൾ കോർപ്പറേഷൻ പരിധിയിലുണ്ട്. പുറത്ത് പോയി വരുന്നവർ വീടുകൾക്കുള്ളിൽ കൊവിഡ് മുൻകരുതൽ സ്വീകരിക്കണം. കണ്ണൂർ സമ്പർക്ക രോഗബാധ കൂടുതൽ കണ്ടെത്തിയ ചക്കരക്കൽ പൊലീസ് പരിധിയിലെ കൂടുതൽ പ്രദേശം അടച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.