കോഴിക്കോട്: മലബാറിലെ ജില്ലകളിൽ സമ്പർക്കം മൂലമുള്ള കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ഇന്നലെ മാത്രം 14 പേരാണ് സമ്പർക്കം മൂലം കൊവിഡ് പൊസീറ്റീവായത്. 

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മലബാറില്‍ സമ്പര്‍ക്കം മൂലമുള്ള കോവിഡ് രോഗികള്‍ കൂടുന്നത്. സമ്പര്‍ക്ക രോഗികളില്‍ മുന്നില്‍ മലപ്പുറം ജില്ലയാണ്. ശനിയാഴ്ച മാത്രം എട്ട് പേര്‍ക്ക് രോഗം. ആശാ വര്‍ക്കറും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും ആംബുലന്‍സ് ഡ്രൈവറും നഴ്സും ഉള്‍പ്പടെയുള്ളവര്‍ സമ്പര്‍ക്കത്തിലൂടെ രോഗികളായി. മലപ്പുറത്ത് മാത്രം കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ 16 പേര്‍ക്കാണ് സമ്പര്‍ക്കം മൂലം കോവിഡ്-19 ബാധിച്ചത്.

കണ്ണൂരില്‍ ശനിയാഴ്ച സമ്പര്‍ക്കം മൂലം കൊവിഡ് ബാധിച്ചത് നാല് പേര്‍ക്കാണ്. കോഴിക്കോട്ട് രണ്ട് പേര്‍ക്കും. കണ്ണൂരിലെ സമ്പര്‍ക്ക രോഗികളില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറും പപ്പട വില്‍പ്പനക്കാരനുമുണ്ട്. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് കോഴിക്കോട് സമ്പര്‍ക്കം മൂലമുള്ള കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തത്.

പാലക്കാട് നിന്ന് സമ്പര്‍ക്കം മൂലമുള്ള കേസുകള്‍ കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ആശ്വാസകരമാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പടെ സമ്പര്‍ക്കത്തിലൂടെ ഇവിടെ രോഗം പടര്‍ന്നത് ആശങ്കയുണ്ടാക്കിയിരുന്നു. വയനാട്ടിലും കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്ക രോഗികളില്ല. കൊവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ച് സമ്പര്‍ക്കം മൂലമുള്ള രോഗ വ്യാപനം തടയണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം.