രമ്യ ഹരിദാസിനെ ഇന്ത്യൻ യൂത്ത് കോൺഗ്രസിന്‍റെ ദേശീയ അച്ചടക്ക സമിതി അംഗമായി നിയമിച്ചു. ദേശീയ അധ്യക്ഷൻ നേരിട്ട് ഫോണിൽ വിളിച്ചാണ് നിയമന വിവരം അറിയിച്ചതെന്നും, ഈ ദൗത്യം അഭിമാനത്തോടെ ഏറ്റെടുക്കുന്നുവെന്നും രമ്യ വ്യക്തമാക്കി.
പാലക്കാട്: മുൻ ആലത്തൂർ എംപിയും കോൺഗ്രസ് നേതാവുമായ രമ്യ ഹരിദാസിന് ദേശീയ രാഷ്ട്രീയത്തിൽ പുതിയ ഉത്തരവാദിത്വം. ഇന്ത്യൻ യൂത്ത് കോൺഗ്രസിന്‍റെ ദേശീയ അച്ചടക്ക സമിതി അംഗമായാണ് രമ്യയെ നിയമിച്ചത്. ദേശീയ അധ്യക്ഷൻ നേരിട്ട് ഫോണിൽ വിളിച്ചാണ് നിയമന വിവരം അറിയിച്ചതെന്ന് രമ്യ ഹരിദാസ് തന്‍റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കി. തന്‍റെ രാഷ്ട്രീയ വളർച്ചയ്ക്ക് കാരണമായ പ്രസ്ഥാനം ഏൽപ്പിച്ച ഈ പുതിയ ദൗത്യം ഏറെ അഭിമാനത്തോടെയും ഉത്തരവാദിത്വത്തോടെയും ഏറ്റെടുക്കുന്നുവെന്നും അവർ പ്രതികരിച്ചു.
ദേശീയ നേതൃത്വത്തിലേക്ക്
കോഴിക്കോട്ടെ ഒരു സാധാരണ ഗ്രാമത്തിൽ പിന്നോക്ക വിഭാഗത്തിൽ ജനിച്ച്, കെഎസ്‍യു കാലഘട്ടം മുതൽ സജീവ രാഷ്ട്രീയത്തിൽ ഇടപെട്ടാണ് രമ്യ ഹരിദാസ് പൊതുരംഗത്ത് ശ്രദ്ധേയയായത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പദവിയിൽ നിന്ന് നേരിട്ട് ലോക്സഭയിലേക്ക് എത്തിയ രമ്യയുടെ വളർച്ച കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരുന്നു. കെഎസ്‍യു കാലഘട്ടം മുതൽ തന്നെ പിന്തുണച്ച നേതാക്കളോടും സഹപ്രവർത്തകരോടും തന്നെ ചേർത്തുനിർത്തിയ ജനങ്ങളോടും താൻ എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് അവർ പറഞ്ഞു. ദേശീയ യൂത്ത് കോൺഗ്രസ് സെക്രട്ടറി, ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ നേരത്തെ വഹിച്ചിട്ടുള്ള രമ്യയ്ക്ക്, സംഘടനാപരമായ അച്ചടക്കം കാത്തുസൂക്ഷിക്കേണ്ട നിർണ്ണായകമായ സമിതിയിലേക്കാണ് ഇപ്പോൾ നിയമനം ലഭിച്ചിരിക്കുന്നത്.


