Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കൊവിഡ്, 131 പേർക്ക് രോഗമുക്തി

സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റം വരുത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു. രോഗബാധിതരുടെ എണ്ണം ദിനംപ്രതി നൂറിലേറെ കൂടുന്ന സാഹചര്യത്തിലാണിത്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്‍റെ വിശദാംശങ്ങൾ. 

covid statistics in kerala as on 01 july 2020
Author
Thiruvananthapuram, First Published Jul 1, 2020, 6:01 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കൊവിഡ്. 131 പേർക്ക് രോഗമുക്തിയുമുണ്ടായി. ഇന്ന് പുതുതായി രോഗബാധിതരായവരിൽ 86 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 51 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നതും. 13 പേർക്ക് സമ്പർക്കം മൂലമാണ് രോഗമുണ്ടായത്.

ആത്മഹത്യ ചെയ്ത കോഴിക്കോട് നടക്കാവ് സ്വദേശി കൃഷ്ണന്റെ ഫലം പോസിറ്റീവായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6564 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 4593 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ചികിത്സയിൽ 2130 പേരുണ്ട്. 187219 പേരാണ് നിരീക്ഷണത്തിലുള്ളത്. 2831 പേർ ആശുപത്രികളിലാണ്. 290 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 181780 സാമ്പിളുകൾ ഇതുവരെ ശേഖരിച്ചു. 4042 എണ്ണത്തിന്റെ റിസൾട്ട് വരാനുണ്ട്. മുൻഗണനാ വിഭാഗത്തിലെ 50448 സാമ്പിളുകൾ ശേഖരിച്ചു. 48448 നെഗറ്റീവായി.

സംസ്ഥാനത്തെ ഹോട്സ്സ്പോട്ടുകളുടെ എണ്ണം 124 ആയിട്ടുണ്ട്. ട്രിപ്പിൾ ലോക്ക്ഡൗണുള്ള പൊന്നാനിയിൽ കർശന ജാഗ്രത. ഐജി അശോക് യാദവ് പൊലീസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഓരോ പഞ്ചായത്തിലും അഞ്ച് കടകൾക്കേ പ്രവർത്തിക്കാനാവൂ. സാധനം ആവശ്യമുള്ളവർ പൊലീസ് പ്രസിദ്ധീകരിച്ച കടകളുടെ നമ്പറിൽ ഓർഡർ നൽകണം. വളണ്ടിയർമാർ സാധനം വീട്ടിലെത്തിക്കും. സാമൂഹിക അകലം പാലിക്കാത്തതിന് 16 കേസുകൾ പൊന്നാനിയിൽ രജിസ്റ്റർ ചെയ്തു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ലംഘിച്ച് രോഗികളെ ഡിസ്ചാർജ് ചെയ്ത ആശുപത്രിക്കെതിരെ പൊന്നാനിയിൽ കേസെടുത്തു.

മാസ്ക് ധരിക്കാത്ത 5373 സംഭവം സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തു. നിരീക്ഷണം ലംഘിച്ച 15 പേർക്കെതിരെ ഇന്ന് കേസെടുത്തു.

ട്രെയിനിൽ വരുന്നവർ നിരീക്ഷണം ഒഴിവാക്കാൻ ശ്രമിക്കുന്നു. നല്ല ജാഗ്രതയോടെ ഇത് തടയും. പൊതു ഓഫീസുകൾ അണുവിമുക്തമാക്കാൻ കുടുംബശ്രീ സേവനം ഉപയോഗിക്കും.

ടെലിമെഡിസിൻ ഈ ഘട്ടത്തിൽ വലിയ ആശ്വാസമായി. അത് പ്രാദേശിക തലത്തിലും വ്യാപിപ്പിക്കും. എല്ലായിടത്തും സൗകര്യം വേണം. സ്വകാര്യ ആശുപത്രികളെ ഇതിന്റെ ഭാഗമാക്കും. കൊവിഡ് പ്രതിരോധം സർക്കാർ ആശുപത്രികളിൽ മാത്രമാണ്. ഈ അനുഭവം സ്വകാര്യ ആശുപത്രികളിൽ കൂടി പങ്കുവയ്ക്കും.

രോഗബാധിതരുടെ എണ്ണം കൂടുന്നു. സമൂഹവ്യാപനത്തിന്റെ ആശങ്കയിൽ നിന്ന് മുക്തരായിട്ടില്ല. കൂടുതൽ ശ്രദ്ധയും ജാഗ്രതയും വേണം. പ്രതിരോധ ശേഷി കുറഞ്ഞവരും മറ്റ് രോഗങ്ങളുള്ളവരും പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. വിവരം ശേഖരിച്ച് ഇടപെടും.

നിരീക്ഷണത്തിലുള്ളവരുടെ കുടുംബാംഗങ്ങളുടെ വിവരം ശേഖരിക്കും. ആംബുലൻസ് ആവശ്യത്തിന് ലഭ്യമാകുമെന്ന് ഉറപ്പാക്കും. എവിടെ ബന്ധപ്പെട്ടാൽ ആംബുലൻസ് ലഭിക്കുമെന്നതിൽ കൃത്യത ഉറപ്പാക്കും.ർ

പ്രവാസികൾക്ക് സഹായഹസ്തം - 'ഡ്രീം കേരള'

മെയ് ഏഴിന് ശേഷം ഇന്നലെ വരെ 870 വിമാനങ്ങളും മൂന്ന് കപ്പലുകളും വിദേശത്ത് നിന്നെത്തി. 600 ചാർട്ടേർഡ് വിമാനം. യുഎയിൽ നിന്ന് 447 വിമാനങ്ങളിൽ 73000 പേരെത്തി. ആകെ വന്ന 143147 പേരിൽ 52 ശതമാനവും തൊഴിൽ നഷ്ടപ്പെട്ടവരാണ്. വിസ കാലാവധി തീർന്ന 46753 പേരെത്തി. 1543 വിമാനങ്ങൾക്കാണ് അനുമതി നൽകിയത്. കൂടുതൽ വിമാനങ്ങൾക്ക് അനുമതി നൽകും. ആർക്കും നിഷേധിക്കില്ല. കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് നിർണ്ണായക പങ്കാണ് വിദേശത്ത് ജോലി ചെയ്യുന്നവർ നൽകുന്നത്.

ആളോഹരി വരുമാനം ഉയർന്ന് നിൽക്കുന്നത് പ്രവാസികൾ നാട്ടിലേക്ക് പണം അയക്കുന്നത് കൊണ്ടാണ്. 2018 ലെ സർവേ പ്രകാരം 85000 കോടിയാണ് നാട്ടിലേക്ക് അയക്കുന്നത്. ഇപ്പോഴത് ഒരു ലക്ഷം കോടി കടന്നു. 2018 ലെ കണക്ക് പ്രകാരം 169944 കോടി രൂപ കേരളത്തിലെ ബാങ്കുകളിൽ പ്രവാസികൾ നിക്ഷേപിച്ചിട്ടുണ്ട്.

പ്രവാസികളുടെ അറിവും കഴിവും വികസനത്തിന് പ്രയോജനപ്പെടുത്തണമെന്ന ലക്ഷ്യമാണ് ലോക കേരള സഭയ്ക്ക് ഉള്ളത്. തിരികെ വരുന്ന പ്രവാസികളുടെ ക്ഷേമത്തിനും ഒട്ടേറെ നടപടികൾ സംസ്ഥാനം സ്വീകരിച്ചു. കൊവിഡ് മഹാമാരി രംഗത്ത് മറ്റൊരു പ്രതിസന്ധി ഉണ്ടാക്കി. സാമ്പത്തികാഘാതം എല്ലാ രാജ്യത്തെയും ബാധിച്ചു. തൊഴിൽ നഷ്ടപ്പെട്ട് കൂടുതൽ പേർ നാട്ടിലേക്ക് തിരികെ വരുന്നു. ഇത് സർക്കാർ ഗൗരവമായി വിലയിരുത്തി.

ഡ്രീം കേരള എന്ന പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു. തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ വികസനവും ലക്ഷ്യമിട്ടാണ് പദ്ധതി. വിദേശത്ത് നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും കേരളത്തിലേക്ക് തിരികെ വരുന്ന വിവിധ മേഖലയിലെ വിദഗ്‍ധരുണ്ട്. 

ഇവരുടെ കഴിവിനെ സംസ്ഥാനത്തിന്റെ ഭാവിക്ക് വേണ്ടി ഉപയോഗപ്പെടുത്തും. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിൽ കേരളത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളിൽ പൊതുജനത്തിന് നിർദ്ദേശവും ആശയവും സമർപ്പിക്കും. ആശയം നടപ്പിലാക്കുന്നത് ചർച്ച ചെയ്യാൻ ഹാക്കത്തോൺ നടത്തും. വിദഗ്ദ്ധോപദേശം നൽകാൻ യുവ ഐഎഎസ് ഓഫീസർമാരുടെ സമിതിയെ നിയോഗിക്കും. ആശയങ്ങൾ അതത് വകുപ്പുകൾക്ക് വിദഗ്ധ സമിതി നൽകും. ഒരാഴ്ചക്കുള്ളിൽ തീരുമാനമെടുക്കും.

മുഖ്യമന്ത്രി ചെയർമാനായ സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കും. പദ്ധതി നടത്തിപ്പിന് ഡോ കെഎം എബ്രഹാം ചെയർമാനായി സമിതിയെ രൂപീകരിക്കും. പദ്ധതി നടത്തിപ്പിന് സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട പദ്ധതികൾ വിർച്വൽ അസംബ്ലിയിൽ അവതരിപ്പിക്കാൻ അവസരം ഒരുക്കും.

കുട്ടികൾക്ക് സബ്‍സിഡി ലാപ്ടോപ്പ്

കൊവിഡ് 19-ന്റെ പശ്ചാത്തലത്തിൽ പഠന പ്രക്രിയ മികച്ചതാക്കാൻ കുട്ടികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കാൻ അനുമതി നൽകി. കെഎസ്എഫ്ഇ വിദ്യാശ്രീ എന്നാണ് പദ്ധതിയുടെ പേര്. കുടുംബശ്രീയുമായി ചേർന്ന് ഇത് പ്രാവർത്തികമാക്കും. പദ്ധതി വഴി ലാപ്ടോപ്പ് വാങ്ങുന്ന കുട്ടികൾക്ക് വിവിധ വകുപ്പുകളുടെയും സർക്കാർ ഏജൻസികളുടെയും സബ്‌സിഡി ലഭ്യമാക്കും.

മഹാപ്രളയവും 2019 ലെ കാലവർഷക്കെടുതിയും നേരിടാൻ വിദ്യാർത്ഥികൾ അടക്കമുള്ള യുവജനം മഹത്തായ പങ്ക് വഹിച്ചു. ഇവരുടെ പ്രവർത്തനം പ്രശംസിക്കപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തിലാണ് 3.47 ലക്ഷം പേരുള്ള സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചത്. യുവജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം നേടി. ഇവരിൽ വലിയ പങ്ക് 18 നും 35 നും ഇടയിൽ പ്രായമുള്ളവരാണ്. യുവസമൂഹത്തിന് ദിശാബോധം നൽകാനും ഭാവി നേതാക്കലായി വളർത്താനും യൂത്ത് ലീഡർഷിപ്പ് അക്കാദമി സ്ഥാപിക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്ക് വരുന്ന ചെറുപ്പക്കാർക്ക് ഭരണകാര്യത്തിലും നിയമകാര്യത്തിലും പരിശീലനവും അറിവും നൽകുക. ദുരന്ത പ്രതികരണത്തിലും ജോലികളിലും പരിശീലനം നൽകും. ഇതിന് വേണ്ട വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ അമിത് മീണയെ ചുമതലപ്പെടുത്തി. ഒരു ഗവേണിങ് ബോഡിയെ ഇതിനായി നിയമിക്കും.

2020 -21 അധ്യയന വർഷത്തിലെ പാഠപുസ്തക വിതരണം നീണ്ടുപോയി. തിരുവനന്തപുരം ആലപ്പുഴ ഇടുക്കി ജില്ലകളിൽ വിതരണം പൂർത്തിയായി. മറ്റ് ജില്ലകളിൽ വിതരണം ചെയ്യുന്നുണ്ട്. സംസ്ഥാനമാകെ 54.92 ശതമാനം വിതരണം നടന്നു. 15 ദിവസത്തിനുള്ളിൽ ബാക്കി വിതരണം പൂർത്തീകരിക്കാൻ നിർദ്ദേശിച്ചു.

ഡോക്ടർമാർക്ക് ആശംസ

ഡോക്ടേഴ്സ് ഡേയിൽ ആശംസകളർപ്പിച്ചാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം തുടങ്ങിയത്. ഇന്ന് ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും വിശ്രമരഹിതമായ അധ്വാനമാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന്റെ അടിത്തറ. ലോകത്തിന്റെ നാനാഭാഗത്തും ജീവൻ ബലികൊടുത്താണ് ആരോഗ്യപ്രവർത്തകർ പ്രവർത്തിക്കുന്നത്. ലോക്ക്ഡൗൺ ഇളവിനെ തുടർന്ന് പ്രവാസികൾ തിരിച്ച് വന്നതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിച്ചു. എന്നാൽ സമ്പർക്കവും മരണവും വലുതായി വർധിച്ചിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ വെല്ലുവിളി നേരിടേണ്ടി വന്നേക്കാം. ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും രോഗവ്യാപനം ചെറുക്കാൻ മുന്നിൽ നിൽക്കും- മുഖ്യമന്ത്രി പറഞ്ഞു.

ഡോ ബി സി റോയിയുടെ ജന്മദിനമാണ് ഇന്ത്യയിൽ ഡോക്ടേർസ് ദിനം. മനുഷ്യരാശിയുടെ രക്ഷയ്ക്ക് ആത്മാർപ്പണം ചെയ്യുന്നവരാണ് ഈ ദിവസം ആദരിക്കപ്പെടുന്നത്. കേരളത്തിന്റെ ആരോഗ്യസംവിധാനം ലോകനിലവാരത്തിലേക്ക് എത്തുന്നതിൽ ഡോക്ടർമാരുടെ പങ്ക് വലുതാണ്. കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന്റെ കീർത്തിയുടെ പങ്ക് ഡോക്ടർമാർക്ക് അവകാശപ്പെട്ടതാണെന്നും ഈ മഹാമാരിയെ ചെറുക്കുന്നതിൽ ലോകരാജ്യങ്ങളെ സഹായിക്കുന്നത് അവിടുത്തെ മലയാളി ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകരാണെന്നതിൽ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റം

സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റം വരുത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു. തുടർച്ചയായി രണ്ട് തവണ കൊവിഡ് നെഗറ്റീവ് ആയാൽ മാത്രമേ രോഗമുക്തരായി കണക്കാക്കി ആശുപത്രിയിൽ നിന്ന് മാറ്റാറുണ്ടായിരുന്നുള്ളൂ. ഈ ചട്ടം മാറ്റി, ഒരു തവണ കൊവിഡ് നെഗറ്റീവായാൽത്തന്നെ രോഗമുക്തരായതായി കണക്കാക്കി വീട്ടിലേക്ക് മാറ്റാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. പിന്നീട് ഇവരെ നിരീക്ഷണത്തിൽ പാർപ്പിക്കും. അതിന് ശേഷം എന്തെങ്കിലും തരത്തിൽ അസുഖം മൂർച്ഛിക്കുന്ന സ്ഥിതി വന്നാൽ മാത്രമേ ആശുപത്രിയിലേക്ക് മാറ്റൂ. 

ഇ- മൊബിലിറ്റി - പ്രതിപക്ഷനേതാവിന് മറുപടി

ഇ-ബസ് നിർമ്മാണത്തിന് പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിക്ക് അനുമതി നൽകിയതിനെ കുറിച്ച് വീണ്ടും വീണ്ടും പറയേണ്ടി വരുന്നത് സംസ്ഥാനത്തിന്റെ പ്രത്യേകത. പ്രതിപക്ഷ നേതാവ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്താണ് ഇരിക്കുന്നതെന്ന് ഉൾക്കൊള്ളണം. ചീഫ് സെക്രട്ടറി കണ്ടെത്തിയത് കൊണ്ടാണ് ഇലക്ട്രിക് ബസ് നിർമ്മാണത്തിലേക്ക് പോകാത്തത് എന്ന് അദ്ദേഹം പറഞ്ഞു. ഫയലിന്റെ ഒരു ഭാഗവും കാണിച്ചു. ഫയലിൽ ഒരു ഭാഗം മാത്രം കാണാൻ പറ്റില്ല. ഫയൽ ചീഫ് സെക്രട്ടറിയുടെ അഠുത്തേക്ക് തനിയെ നടന്ന് പോയതല്ല. രമേശ് ചെന്നിത്തല കാണിച്ച ഭാഗത്തിന് തൊട്ടുമുൻപ് മുഖ്യമന്ത്രിയുടെ ഭാഗമുണ്ട്. ചീഫ് സെക്രട്ടറി പരിശോധിച്ച് അഭിപ്രായം പറയണമെന്ന് പറയുന്നുണ്ട്. ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി പരിശോധിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നാണ് അതിന്റെ അർത്ഥം. ഈ ഭാഗം പ്രതിപക്ഷ നേതാവ് മറച്ചുവെച്ചത് എന്തിനാണ്?

ഈ ഫയലിൽ ഒരിടത്ത് മാത്രമല്ല പരിശോധന വേണമെന്ന് ആവശ്യപ്പെട്ടത്. കയ്യിലുള്ള ഫയൽ മനസ്സിരുത്തി വായിക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറാകണം. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഉറപ്പുവേണം. ആരെങ്കിലും പറയുന്നത് കേട്ട് സമയം പാഴാക്കരുത്. തെറ്റായ കാര്യം ഓരോ ദിവസവും പറയുക, മാധ്യമങ്ങൾ മറുപടി തേടുക. ഇത്തരമൊരു വൃധാവ്യായാമം നടക്കുന്നു. ഒരു പദ്ധതിയുമായി ബന്ധപ്പെട്ടും തെറ്റായ കാര്യങ്ങൾ നടന്നിട്ടില്ല, നടക്കുകയുമില്ല. ഏതെങ്കിലും ആക്ഷേപം കേട്ടത് കൊണ്ട് കേരളത്തിന്റെ ഭാവിക്ക് വേണ്ട പദ്ധതികൾ ഉപേക്ഷിക്കില്ല.

ഇലക്ട്രിക് ബസ് നിർമ്മാണ പദ്ധതി കേരളത്തിൽ നിന്ന് പറിച്ച് കൊണ്ടുപോകാൻ ശ്രമം നടക്കുന്നുണ്ട്. അതിന് വളം വെച്ച് കൊടുക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറാവരുത്. കേരളത്തെ വൈദ്യുത വാഹനത്തിന്റെ ഹബ്ബാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. കുറേ വൈദ്യുതി ബസ് ഉണ്ടാക്കുക മാത്രമല്ല ലക്ഷ്യം. അതടക്കം നിരത്തിലിറക്കി പൊതു ഗതാഗതം പ്രകൃതി സൗഹൃദമാക്കുക. വൈദ്യുത വാഹന നിർമ്മാണ മേഖലയിൽ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർക്ക് ജോലിക്ക് അവസരം ഒരുക്കും. ബാറ്ററി നിർമ്മാണത്തിനടക്കം അവസരം ഒരുങ്ങും. വിവിധ മേഖലയിൽ വളർച്ചയുണ്ടാകും. വ്യവസായ മേഖലയെ പരസ്പര ബന്ധിതവും കാലാനുസൃതവുമായ വളർച്ചയിലേക്ക് ഉയർത്താനാണ് ശ്രമം. അതിനെ ചുരുക്കിക്കാണാനും വിവാദത്തിലൂടെ തളർത്താനുമുള്ള ശ്രമം ജനവിരുദ്ധവും നാടിന്റെ വികസനത്തിന് എതിരുമാണ്.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം തത്സമയം:

ഇന്നത്തെ കൊവിഡ് കണക്ക് ഇങ്ങനെ:

covid statistics in kerala as on 01 july 2020

 

Follow Us:
Download App:
  • android
  • ios