ചെന്നൈ: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം അതിശക്തമായി തുടരുന്നു. കേരളത്തിൽ ഇതാദ്യമായി കൊവിഡ് കേസുകൾ രണ്ടായിരം കടന്നപ്പോൾ അതിൻ്റെ പലമടങ്ങ് കൊവിഡ് കേസുകളാണ് ആന്ധ്രയടക്കമുള്ള ഇതര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തത്. 

കർണാടകത്തിൽ ഇന്ന് 8642 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും വലിയ പ്രതിദിന വർധനയാണിത്. 126 പേർ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ചു മരിച്ചു. ബെംഗളൂരു നഗരത്തിൽ 2804 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 56 കൊവിഡ് മരണങ്ങളും മഹാനഗരത്തിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ കർണാകയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 81,097 ആയി. ഇതുവരെ 4327 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് മൂലം ജീവൻ നഷ്ടമായത്. 

തമിഴ്നാട്ടിൽ 5795 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,55,449 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 116 പേർ സംസ്ഥാനത്ത് മരണപ്പെട്ടു. ഇതോടെ തമിഴ്നാട്ടിലെ ആകെ കൊവിഡ് മരണങ്ങൾ 6123 ആയി.

ആന്ധ്രാപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിൽ 9742 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3.16 ലക്ഷമായി. ഇന്ന് മാത്രം 86 പേർക്കാണ് കൊവിഡ് കാരണം ജീവൻ നഷ്ടമായത്. ഇതോടെ ആകെ കൊവിഡ് മരണം 2906 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ ആന്ധ്രയിൽ 8061 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 

തെലങ്കാനയിൽ 1763 പുതിയ കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 95700 ആയി. ഇന്ന് എട്ട് മരണങ്ങളുണ്ടായതോടെ ആകെ കൊവിഡ് മരണം 719 ആയി. ഹൈദരാബാദ് നഗരത്തിൽ മാത്രം 484 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.