തിരുവനന്തപുരം: കെഎസ്‍യു സംസ്ഥാന പ്രസിഡന്റിനെതിരായ ആരോപണത്തിൽ ഉറച്ച് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാൽ നായർ. അഭിജിത്തിന് രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. എന്നിട്ടും തിരുവനന്തപുരത്ത് ടെസ്റ്റ് നടത്താതെ രോഗം മനപൂർവം മറച്ചുവയ്ക്കാൻ ശ്രമിച്ചു. കൊവിസ് കൂടുതൽ പേരിലേക്ക് പകർത്താനുള്ള ശ്രമമായിരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വ്യാജ പേരിലെ പരിശോധനക്കെതിരെ നടപടിയെടുക്കണമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

പോത്തൻകോട് പഞ്ചായത്തിൽ 48 പേരെ പരിശോധിച്ചതിൽ 19 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പ്ലാമൂട് വാർഡിൽ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേരിൽ കെ എം അബി, തിരുവോണം എന്ന മേൽവിലാസത്തിൽ എത്തിയ ആളെ പരിശോധനയ്ക്ക് ശേഷം കാണാതായി. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അങ്ങനെ ഒരാള്‍ അവിടെ ഇല്ലെന്നും വ്യാജപേരിലാണ് പരിശോധന നടത്തിയതെന്നും മനസിലാക്കുന്നതെന്ന്  വേണുഗോപാൽ നായർ പറയുന്നു. കെഎസ്‍യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടേതാണ് ഈ മേൽവിലാസമെന്നും, സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെ വ്യാജപേരിൽ എത്തിച്ചതാണ് ഇതെന്നും കാട്ടിയാണ് പഞ്ചായത്ത് പ്രസിഡന്റ് പരാതി നൽകിയിരിക്കുന്നത്