തിരുവനന്തപുരം: എഡിജിപിയുടെ വീട്ടുജോലിക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ഇയാളെ പോലീസ് ജീപ്പിലായിരുന്നു പരിശോധനക്ക് കൊണ്ട് പോയത്. ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ ഒപ്പം പോയ നെയ്യാർഡാം പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരും നിരീക്ഷണത്തിൽ പോയി. ഉന്നത ഉദ്യാഗസ്ഥരുടെ ഇടപെടൽ കാരണമാണ് ആംബുലൻസിന് കാത്ത് നിൽക്കാതെ ഇയാളെ പൊലീസ് ജീപ്പിൽ കൊണ്ടു പോവേണ്ടി വന്നതെന്ന് പരാതിയുയർന്നിട്ടുണ്ട്.

അതേസമയം കൊല്ലം ജില്ലാ ജയിലിൽ ഇതുവരെ 57  തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം മൂർഛിച്ച മൂന്നു പേരെ പാരിപ്പിള്ളി ഗവൺമെന്‍റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിശോധന നടത്തിയ 36 ജയിൽ ഉദ്യാഗസ്ഥരുടെ  പരിശോധനാ ഫലം നെഗറ്റീവായി. എന്നാല്‍ ജയിൽ സൂപ്രണ്ടടക്കം 36 ഉദ്യോഗസ്ഥരും ജയിലിൽ തന്നെ നിരീക്ഷണത്തിൽ കഴിയും. 141 തടവുപുള്ളികളുടേയും ആന്‍റിജന്‍ പരിശോധന പൂർത്തിയായി.

കൊവിഡ് സ്ഥിരീകരിച്ചവരിൽ 54 പേരെ കൊല്ലം ചന്ദനത്തോപ്പ് ഐറ്റിഐയിലെ കൊവിഡ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇവിടെ സുരക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്. ജില്ലാ ജയിൽ ഉൾപ്പെടുന്ന തേവള്ളി ഡിവിഷൻ ക്ലസ്റ്ററാക്കി കണ്ടെയിന്‍മെന്‍റ് സോണാക്കിയേക്കും.