Asianet News MalayalamAsianet News Malayalam

കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ്; തലസ്ഥാനത്ത് ആശങ്കയേറുന്നു

കരകുളം സ്വദേശിക്ക് നേരത്തെ രോഗ ലക്ഷണം ഉണ്ടായിരുന്നതിനാൽ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്.  

covid testes positive to two students who wrote KEAM exam in thiruvananthapuram
Author
Thiruvananthapuram, First Published Jul 21, 2020, 6:08 AM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാർത്ഥികൾക്ക് കൊവിഡ്  സ്ഥിരീകരിച്ചത് തലസ്ഥാനത്ത് ആശങ്ക വർധിപ്പിച്ചു. തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.  

കരകുളം സ്വദേശിക്ക് നേരത്തെ രോഗ ലക്ഷണം ഉണ്ടായിരുന്നതിനാൽ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. പൊഴിയൂർ സ്വദേശിക്കൊപ്പം പരീക്ഷ വിദ്യാർത്ഥികളുടെ പട്ടിക പ്രവേശന പരീക്ഷാ കമ്മീഷണർ ആരോഗ്യവകുപ്പിന് കൈമാറി. ഈ വിദ്യാർത്ഥികളെ മുഴുവൻ നിരീക്ഷണത്തിലാക്കും. ട്രിപ്പിൾ ലോക് ഡൗണിനിടെ തിരുവനന്തപുരത്ത് പ്രവേശന പരീക്ഷ നടത്തിയത് വൻ വിവാദമായിരുന്നു.

അതേസമയം, തിരുവനന്തപുരം ജില്ലയിൽ കൊവിഡ് രോ​ഗികളുടെ എണ്ണം 2000 കടന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയിൽ ഇത്രയധികം കൊവിഡ് രോ​ഗികളുണ്ടാകുന്നത്. ഇവരിലേറെയും സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചവരാണ് എന്നത് വലിയ തോ‌തിൽ ആശങ്കയ്ക്കും കാരണമാകുന്നു. ജില്ലയില്‍ സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചവർ 93  ശതമാനമാണെന്നാണ് കണക്ക്. കഴിഞ്ഞ ദിവസം 182 പേർക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 170  പേരും സമ്പർക്കരോ​ഗികളാണ്. 

അതേസമയം, സംസ്ഥാനത്ത് മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധന നടത്തും. തൃശൂർ കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിർദേശമാണ് നല്‍കിയിരിക്കുന്നത്. അതേസമയം, കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ അടച്ചിട്ട എറണാകുളം ബ്രോഡ്‍വെ മാർക്കറ്റ് ഇന്ന് മുതൽ ഭാഗികമായി തുറക്കും. 50 ശതമാനം കടകൾ മാത്രമാകും തുറക്കുക.

Follow Us:
Download App:
  • android
  • ios