300 സ്വകാര്യ ആശുപത്രികളില്‍ വാക്സിന്‍ എടുക്കാന്‍ സൗകര്യമുണ്ടാകും. നാലുലക്ഷം ഡോസ് വാക്സിൻ നാളെ എത്തും. സൈറ്റിൽ രജിസ്‌ട്രേഷൻ ഉടൻ തുടങ്ങാൻ ആകുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. 

തിരുവനന്തപുരം: അറുപത് വയസിന് മുകളിലുള്ളവരുടെ കൊവിഡ് വാക്സിനേഷനായി നാലുലക്ഷം ഡോസ് വാക്സീൻ കേരളത്തിലെത്തും . ലക്ഷക്കണക്കിന് പേര്‍ക്ക് വാക്സീൻ നല്‍കേണ്ട സാഹചര്യത്തില്‍ നിലവിലുള്ള കേന്ദ്രങ്ങൾക്ക് പുറമേ അതാത് പ്രദേശങ്ങളില്‍ മാസ് വാക്സീനേഷന് സംവിധാനമൊരുക്കും.

നിലവില്‍ സൈറ്റ് വഴി രജിസ്ട്രേഷൻ സാധ്യമല്ല. അതിനാൽ സൈറ്റ് സജ്ജമാകുന്ന മുറയ്ക്ക് രജിസ്ട്രേഷൻ നടപടികള്‍ തുടങ്ങാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു. 300 ലേറെ സ്വകാര്യ ആശുപത്രികളിലും വാക്സീനേഷനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചോര്‍ന്ന് സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണമേർപ്പെടുത്തി . മഹാരാഷ്ട്രയിലും ബംഗാളിലും കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാർക്ക് ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കി. മഹാരാഷ്ട്രയിൽ നെഗറ്റീവ് റിപ്പോർട്ട് കൈവശമില്ലാത്ത യാത്രക്കാർക്ക് എയർപോർട്ടിൽ പരിശോധിക്കാം. ഇത് കൂടാതെ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തയിട്ടുണ്ട്. കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാർക്ക് നിയന്ത്രണമേർപ്പെടുത്തിക്കൊണ്ടുള്ള ദില്ലി സർക്കാരിന്‍റെ ഉത്തരവും ഉടൻ പുറത്തിറങ്ങിയേക്കും.