തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വാക്സീൻ വിതരണത്തിനുള്ള ഡ്രൈറൺ നടക്കും.  നാല് ജില്ലകളിൽ ആറ് കേന്ദ്രങ്ങളിലായി ഡ്രൈറൺ നടത്തുന്നതിനുള്ള   നടപടിക്രമങ്ങൾ പൂർത്തിയായി.  രാവിലെ 9 മുതൽ 11 മണി വരെയാണ് ഡ്രൈറൺ. ഓരോ കേന്ദ്രത്തിലും  25 ആരോഗ്യപ്രവർത്തകർ വീതം പങ്കെടുക്കും. 

കുത്തിവെയ്പ്പ് ഒഴികെ എല്ലാ കാര്യങ്ങളും വാക്സിൻ കേന്ദ്രത്തിൽ വെച്ച് ആവിഷ്കരിക്കും. തിരുവനന്തപുരത്ത് ജില്ലാ മാതൃകാശുപത്രിയിൽ ഡ്രൈറൺ നടപടിക്രമങ്ങൾ വിലയിരുത്താൻ ആരോഗ്യമന്ത്രി സന്ദർശിച്ചേക്കും. തലസ്ഥാനത്ത് രണ്ട് കേന്ദ്രങ്ങളിലാണ് ഡ്രൈണൺ.  

സംസ്ഥാനത്ത് വാക്സിനേഷന് ഇതുവരെ 3.13 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകർക്കും മറ്റു ജീവനക്കാർക്കുമാണ് ആദ്യഘട്ടത്തിൽ വാക്സിനേഷൻ നൽകുന്നത്. ചില സ്വകാര്യ ആശുപത്രികളും കൂടി പട്ടിക കൈമാറിയാൽ വാക്സിൻ സ്വീകരിക്കുന്നവരുടെ കൃത്യമായ എണ്ണം ലഭിക്കും. 

ഡ്രൈ റണിൻ്റെ നടപടി ക്രമങ്ങൾ - 

*വാക്സിൻ വിതരണത്തിന് കേരളം സജ്ജമാണോയെന്ന് വിലയിരുത്താൻ ആണ് ഡ്രൈ റൺ നടത്തുന്നത്

*കുത്തിവയ്പ്പ് ഒഴികെയുള്ള എല്ലാ നടപടിക്രമങ്ങളും ആവിഷ്കരിക്കും

*വാക്സിൻ റീജിയണൽ കേന്ദ്രത്തിൽ നിന്ന് വാക്സിൻ എടുക്കും

*ഫ്രീസർ യൂണിറ്റിലും ഐസ് ലൈൻഡ് റഫ്രിജറേറ്ററുകളിലും സൂക്ഷിച്ചിരിക്കുന്ന വാക്സിനുകൾ ഐസ് പാക്കുകൾ നിറച്ച വാക്സിൻ ക്യാരിയേഴ്സുകളിലേക്ക് മാറ്റും

*വലുതും ചെറുതുമായ കോൾഡ് സ്റ്റോറേജ് ബോക്സുകളിൽ ഇവ വാഹനങ്ങളിൽ കയറ്റും

*2 ഡിഗ്രി മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ ഊഷ്മാവിൽ ആണ് വാക്സിൻ സൂക്ഷിക്കുക

*ആശുപത്രികളിൽ എത്തിക്കുന്ന വാക്സിൻ അവിടെ സജ്ജമാക്കിയിട്ടുള്ള കോൾഡ് ബോക്സുകളിലേക്ക് മാറ്റും

*ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത് ആരോഗ്യപ്രവർത്തകർക്ക്; ഡ്രൈ റണ്ണിൽ 25 ആരോഗ്യ പ്രവർത്തകർ പങ്കെടുക്കും

*ഇവരെ ആദ്യം കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരുത്തും

*പേരും മറ്റ് വിവരങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തും

*മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കും

*ഡോക്ടറുടെ സാന്നിധ്യത്തിൽ വാക്സിൻ നൽകുന്നത് കാണിക്കും

*കുത്തിവയ്പ്പിന് ശേഷം പ്രത്യേകം തയ്യാറാക്കിയ മുറിയിൽ ഇവരെ അര മണിക്കൂർ നിരീക്ഷിക്കും

*തളർച്ചയോ, ചൊറിച്ചിലോ, അലർജിയോ ഇല്ലെങ്കിൽ തിരികെ വീട്ടിലേക്ക് അയക്കും