ജമാഅത്തെ നേതാക്കളുമായി താൻ ചർച്ച നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പക്ഷേ ഒരു ഘട്ടത്തിലും ഇവരുമായി തെരഞ്ഞെടുപ്പ് കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലെന്നും പറഞ്ഞു. ഇന്ന് കോഴിക്കോടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം 

കോഴിക്കോട്: തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് രണ്ടു നാൾ മാത്രം ബാക്കി നിൽക്കെ ജമാഅത്തെ ഇസ്ലാമി ബന്ധത്തെ ചൊല്ലി വീണ്ടും എൽഡിഎഫ് യുഡിഎഫ് വാക്ക് പോര്. ജമാഅത്തെ നേതാക്കളുമായി താൻ ചർച്ച നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പക്ഷേ ഒരു ഘട്ടത്തിലും ഇവരുമായി തെരഞ്ഞെടുപ്പ് കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലെന്നും പറഞ്ഞു. മുഖ്യമന്ത്രി കള്ളം പറയുകയാണെന്നും ജമാ അത്തെ ഇസ്ലാമിയും സിപിഎമ്മും തമ്മിൽ പതിറ്റാണ്ടുകളായുള്ള ബന്ധമാണെന്നും വി ഡി സതീശൻ തിരിച്ചടിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി എറണാകുളത്തും തൃശ്ശൂരിലും നടത്തിയ വാർത്താസമ്മേളനത്തിൽ ജമാഅത്തെ ബന്ധം ആരോപിച്ച് യുഡിഎഫിനെതിരെ മുഖ്യമന്ത്രി കടുത്ത ആക്രമണം നടത്തിയതിനു പിന്നാലെയാണ് ജമാഅത്തെ നേതാക്കളുമായി പിണറായി നടത്തിയ ചർച്ചയുടെ ചിത്രങ്ങളും ദേശാഭിമാനി എഡിറ്റോറിയലും എടുത്തു കാട്ടിയാണ് പ്രതിപക്ഷത്തിന്റെ പ്രത്യാക്രമണം. ഇതോടെയാണ്, ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി താൻ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് മുഖ്യമന്ത്രി തുറന്ന് പറഞ്ഞത്. എകെജി സെൻററിൽ വച്ച് ജമാഅത്തെ നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച മുഖ്യമന്ത്രി വർഗീയവാദികൾ എന്ന് അറിഞ്ഞു തന്നെയായിരുന്നു ചർച്ച എന്നും ജമാഅത്തെ നേതാക്കൾ ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു കൂടിക്കാഴ്ചയെന്നും വെളിപ്പെടുത്തി.

1992 ൽ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച കോൺഗ്രസ് സർക്കാർ 2014 ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയും ആയിരിക്കെ ജമാഅത്തെ ഇസ്ലാമിയെ വർഗീയ സംഘടനയെന്ന് വ്യക്തമാക്കി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച കാര്യവും പിണറായി ചൂണ്ടിക്കാട്ടി. അങ്ങനെയൊരു സംഘടനയ്ക്ക് എങ്ങനെയാണ് യുഡിഎഫ് ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കുന്നത് എന്നും പിണറായി ചോദിച്ചു: എന്നാൽ, വെൽഫെയർ പാർട്ടിയാണ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് സിപിഎം ജമാഅത്ത് ഇസ്ലാമിയുമായി നേരിട്ടാണ് ചർച്ചകൾ നടത്തിയത് എന്നും വിഡി സതീശൻ തിരിച്ചടിച്ചു. സിപിഎമ്മിന്റെ ചെയ്തികൾ സിപിഎമ്മിനെ തന്നെ തിരിഞ്ഞു കൊത്തുകയാണ് എന്നും ചെന്നിത്തല വയനാട്ടിൽ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയെ കൊണ്ടുനടന്നത് സിപിഎം ആണെന്നും യുഡിഎഫിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. 2008ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിലും 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും പിണറായി വിജയനുമായി ചർച്ച നടത്തി എന്നായിരുന്നു ജമാഅത്തെ ഇസ്ലാമി നേതാക്കൾ നേരത്തെ വെളിപ്പെടുത്തിയത്.

YouTube video player