Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഒറ്റദിനം നാലരലക്ഷം പേര്‍ക്ക് വാക്‌സീന്‍; ഉയര്‍ന്ന പ്രതിദിന കണക്ക്, ജില്ലകളില്‍ മുന്നില്‍ കണ്ണൂര്‍

ഇന്ന് വന്ന 38,860 ഡോസ് കോവാക്‌സിന്‍ ഉള്‍പ്പടെ ഇനി സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം വാക്‌സീന്‍ മാത്രമാണ് സ്റ്റോക്കുള്ളത്.

covid vaccine given to four lakh people today in kerala
Author
Trivandrum, First Published Jul 24, 2021, 8:21 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും അധികം പേര്‍ക്ക് വാക്‌സീന്‍ നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്ന് ഇതുവരെ 4,53,339 പേര്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്‌സീന്‍ നല്‍കുന്നത്. ഇന്ന് വന്ന 38,860 ഡോസ് കോവാക്‌സിന്‍ ഉള്‍പ്പടെ ഇനി സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം വാക്‌സീന്‍ മാത്രമാണ് സ്റ്റോക്കുള്ളത്. ഞായറാഴ്ച കൂടുതല്‍ വാക്‌സീന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ വാക്‌സിനേഷന്‍ അനിശ്ചിതത്വത്തില്‍ ആകുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് 1522 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,380 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 142 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. 59,374 പേര്‍ക്ക് വാക്‌സീന്‍ നല്‍കിയ കണ്ണൂര്‍ ജില്ലയാണ് മുമ്പില്‍. 53,841 പേര്‍ക്ക് വാക്‌സീന്‍ നല്‍കി തൃശ്ശൂര്‍ ജില്ലയും 51,276 പേര്‍ക്ക് വാക്‌സീന്‍ നല്‍കി കോട്ടയം ജില്ല തൊട്ട് പുറകിലുണ്ട്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,83,89,973 പേര്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്. 

അതില്‍ 1,28,23,869 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സീനും 55,66,104 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സീനുമാണ് നല്‍കിയത്. 2011ലെ സെന്‍സസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 38.39 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.66 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഈ സെന്‍സസ് അനുസരിച്ച് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 53.43 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23.19 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് കേന്ദ്ര ശരാശരിയേക്കാള്‍ വളരെ മുന്നിലാണ്.

Follow Us:
Download App:
  • android
  • ios