അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ കൊവിഡ് രോഗികളുടെ മൃതദേഹങ്ങളോട് അനാദരവ്. ശ്രീകാകുളം ജില്ലയിലെ പസാലയിലാണ് ജെസിബിയിലും മുനിസിപ്പാലിറ്റി വാഹനത്തിലുമായി മൃതദേഹങ്ങൾ മറവ് ചെയ്യാൻ കൊണ്ടുപോയത്. പിപിഇ കിറ്റ് ധരിച്ചവർ വാഹനങ്ങളില്‍ ഒപ്പമുണ്ട്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

സംഭവം വിവാദമായതോടെ ലോക്കൽ സാനിറ്ററി ഇൻസ്പെക്ടറെയും മുനിസിപ്പാലിറ്റി കമ്മീഷണറെയും കളക്ടർ സസ്‌പെൻഡ് ചെയ്തു. ബന്ധുക്കൾ ഏറ്റെടുക്കാൻ വരാഞ്ഞതിനാൽ മറവ് ചെയ്യുകയായിരുന്നു എന്നാണ്‌ ഉദ്യോഗസ്ഥരുടെ പ്രതികരണം. അതേസമയം, ആന്ധ്രാപ്രദേശിൽ 605 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരു ദിവസം മാത്രം 10 പേരാണ് ആന്ധ്രാപ്രദേശിൽ രോഗബാധിതരായി മരിച്ചത്. ഇതോടെ ആകെ മരണം 146 ആയി ഉയര്‍ന്നു. അതേസമയം, ആകെ കൊവിഡ് കേസുകൾ 11489 ആയി. 6147 പേരാണ് ആന്ധ്രാപ്രദേശിൽ രോഗബാധിതരായി ചികിത്സയിലുള്ളത്.