പോളിംഗ് സാമഗ്രികൾ കൈപ്പറ്റാനെത്തിയ ഉദ്യോഗസ്ഥർ സാമൂഹിക അകലം പാലിക്കുന്നില്ല. കൊവിഡ് മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കാനും ഉദ്യോഗസ്ഥരില്ലായിരുന്നു.

തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന തിരുവനന്തപുരത്തെ കേന്ദ്രത്തിൽ തിക്കുംതിരക്കും. നാലാഞ്ചിറ സർവോദയ വിദ്യാലയത്തിലെ വിതരണ കേന്ദ്രത്തിലാണ് കൊവിഡ് നിയന്ത്രണം ലംഘിച്ച് തിരക്ക് ഉണ്ടായത്. പോളിംഗ് സാമഗ്രികൾ കൈപ്പറ്റാനെത്തിയ ഉദ്യോഗസ്ഥർ സാമൂഹിക അകലം പാലിക്കുന്നില്ല. കൊവിഡ് മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കാനും ഉദ്യോഗസ്ഥരില്ലായിരുന്നു. 

തുടക്കത്തിലെ തിരക്ക് മാത്രമാണെന്ന് സബ് കളക്ടർ വിശദീകരിച്ചു, തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണമുണ്ട്. പെട്ടെന്ന് തന്നെ ജീവനക്കാരെ ബൂത്തിലേക്ക് വിടാനാണ് ശ്രമമെന്നും സബ് കളക്ടർ എം എസ് മാധവിക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വാര്‍ത്ത വന്നതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി. പ്രശ്നം പരിഹരിച്ചെന്ന് കമ്മീഷണ‍ർ അറിയിച്ചു. കൊല്ലം അഞ്ചൽ വെസ്റ്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലും തിരുവല്ല കാവുംഭാഗം സ്കൂളിലും തിരുവനന്തപുരത്തിന് സമാനമായിരുന്നു അവസ്ഥ ഉണ്ടായി.

ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിനായി ഇന്ന് രാവിലെ എട്ട് മണിമുതല്‍ വിവിധ കേന്ദ്രങ്ങളിൽ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി. വോട്ടിംഗ് യന്ത്രം അടക്കമുള്ള പതിവ് സാധനസാമഗ്രികൾക്കൊപ്പം ഇത്തവണ സാനിട്ടൈസർ കൂടി ഉണ്ടാകും. ത്രിതല പഞ്ചായത്തുകളുടെ പോളിംഗ് സാമഗ്രികളുടെ വിതരണം ബ്ലോക്ക് അടിസ്ഥാനത്തിലാണ്. 11,225 ബൂത്തുകളാണ് ആദ്യഘട്ടത്തിൽ സജ്ജമാക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ കണക്കിലെടുത്ത് ബൂത്തുകൾ ഇന്ന് തന്നെ അണുവിമുക്തമാക്കും. വോട്ടെടുപ്പ് സമയം പോളിംഗ് ഉദ്യോഗസ്ഥർ ഫെയ്സ് ഷീൽഡും മാസ്ക്കും കയ്യുറകളും ധരിക്കണം.