Asianet News MalayalamAsianet News Malayalam

മരണകാരണം കൊവിഡ് മാത്രമല്ല; കൊവിഡ് മരണങ്ങളുടെ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെടുന്ന മരണങ്ങളുടെ എണ്ണംകൂടുന്നു

ഹൃദ്രോഗികൾ, കാൻസർ, വൃക്കരോഗികളടക്കമുള്ളവർ കോവിഡ് ഗുരുതരമായി ബാധിക്കുന്നവരാണെന്നിരിക്കെ ഈ മരണങ്ങൾ വരെ പട്ടികയിൽ നിന്നൊഴിവാക്കുന്നതിൽ ആരോഗ്യമേഖലയിൽ അഭിപ്രായ ഭിന്നതയുണ്ട്.
 

covid was not the only cause of death
Author
Trivandrum, First Published Aug 3, 2020, 10:16 AM IST

തിരുവനന്തപുരം: രോഗവ്യാപനം കൂടിയതോടെ കൊവിഡ് മരണങ്ങളുടെ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെടുന്ന മരണങ്ങളുടെ എണ്ണവും കൂടുന്നു. കൊവിഡ് രൂക്ഷമായ ജൂലെ മാസത്തിൽ മാത്രം 22 മരണങ്ങളാണ് വിവിധ കാരണങ്ങളാൽ കോവിഡ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. മരിച്ചവർ കോവിഡ് ബാധിതരാണെങ്കിലും എല്ലാ കേസുകളിലും മരണകാരണം കോവിഡായി കാണാനാവില്ലെന്ന മാർഗനിർദേശമനുസരിച്ചാണ് ഇതെന്ന് സർക്കാർ വിശദീകരിക്കുന്നു. വിഷയത്തെക്കുറിച്ച് ആരോഗ്യമേഖലയിൽ ഭിന്നാഭിപ്രായം ഉയരുന്നുണ്ട്.

കിടപ്പുരോഗിയായിരുന്ന തിരുവനന്തപുരം പുല്ലുവിള സ്വദേശി ട്രീസ മരിച്ചത് ജൂലൈ 22ന്. മരണത്തിന് മുൻപുള്ള ആന്റിജൻ പരിശോധനയിൽ കോവിഡ് പോസിറ്റീവായിരുന്നു. എന്നാൽ ട്രീസയുടെ മരണം ഇതുവരെ കോവിഡ് മരണങ്ങളുടെ പട്ടികയിൽ വന്നിട്ടില്ല. ആർടിപിസിആർ ഫലം കൂടി കാത്തിരിക്കുകയാണെന്നാണ് പഞ്ചായത്ത് അധികൃതർ വിശദീകരിക്കുന്നത്. 29ന് ഉണ്ടായ 3 മരണങ്ങളുടെ സ്ഥിരീകരണത്തിനും ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഫലം കൂടി കാത്തിരിക്കുകയാണ്. 

26ന് മരിച്ച കോഴിക്കോട് സ്വദേശി, 27ന് മരിച്ച പത്തനംതിട്ട സ്വദേശി എന്നിവരുടെ മരണവും ഒഴിവാക്കിയവയിൽ പെടുന്നു. ഇരുവരുടെയും മരണം കാൻസർ കാരണമാണെന്നും കോവിഡാണ് മരണ കാരണമെന്ന് കണക്കാക്കാനാകില്ലെന്നുമാണ് വിശദീകരണം. ഹൃദ്രോഗികൾ, കാൻസർ, വൃക്കരോഗികളടക്കമുള്ളവർ കോവിഡ് ഗുരുതരമായി ബാധിക്കുന്നവരാണെന്നിരിക്കെ ഈ മരണങ്ങൾ വരെ പട്ടികയിൽ നിന്നൊഴിവാക്കുന്നതിൽ ആരോഗ്യമേഖലയിൽ അഭിപ്രായ ഭിന്നതയുണ്ട്.

ഗുരുതരമായ മറ്റ് രോഗങ്ങളുള്ളയാൾ മരിച്ചാലും കൊവിഡ് സ്ഥിരീകരിച്ചത് കൊണ്ടു മാത്രം കൊവിഡ് മരണമാകില്ലെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നത്. ലോകാരോഗ്യ സംഘ‍നയും ഐസിഎംആറും നൽകിയ മാർഗനിർദേശ പ്രകാരമാണ് നടപടികളെന്ന് വിശദീകരണം നൽകിയിരുന്നു. മൃതദേഹങ്ങളിൽ ട്രൂനാറ്റിന് പുറമെ ആർടിപിസിആർ പരിശോധന കൂടി വേണ്ടതിനാൽ ഫലങ്ങൾ വൈകുന്നതിലെ ആശയക്കുഴപ്പം വേറെയുമുണ്ട്.

Follow Us:
Download App:
  • android
  • ios