തിരുവനന്തപുരം: സംസ്ഥാനത്തിന് ആശ്വാസമായി പുതിയ കൊവിഡ് കണക്കുകൾ. ഏറ്റവും ഒടുവിൽ വന്ന പ്രതിവാര കണക്കിലാണ് സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന് ആക്കം കുറഞ്ഞെന്ന സൂചനകളുള്ളത്.ഒക്ടോബർ അവസാന ആഴ്ചയിലെ കണക്കുകൾ അനുസരിച്ച് സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ ഇരട്ടിക്കാനുള്ള ഇടവേള കൂടിയിട്ടുണ്ട്. 

കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ചു കേസുകൾ ഇരട്ടിക്കുന്ന  ഇടവേള 41.1 ദിവസമായിട്ടാണ് കൂടിയിരിക്കുന്നത്. നേരത്തെ ഇത് 17.2 വരെ ആയിരുന്നു.സംസ്ഥാനത്ത് ആകെയുള്ള 592 കൊവിഡ് ക്ലസ്റ്ററുകളിൽ 404ലും രോഗവ്യാപനം അവസാനിച്ചിട്ടുണ്ട്. ഒക്ടോബർ അവസാന ആഴ്ചയിൽ പുതിയ കൊവിഡ് രോഗികളേക്കാൾ കൂടുതൽ പേർ സംസ്ഥാനത്ത് കൊവിഡ് മുക്തി നേടുകയും ചെയ്തിട്ടുണ്ട്. 

അതേസമയം രോഗമുക്തി നിരക്കില്‍ ലോകത്ത് ഒന്നാമതായി ഇന്ത്യ മാറിയെന്ന് ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകളിൽ നിന്നും വ്യക്തമാവുന്നു. രാജ്യത്തെ  കൊവിഡ് രോഗ മുക്തരുടെ എണ്ണം 76 ലക്ഷം കടന്നതായും. 92 ശതമാനത്തിനടുത്താണ് രോഗ മുക്തി നിരക്കെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.  

മരണനിരക്കും തുടർച്ചയായ ഏഴാമത്തെ ആഴ്ചയിലും കുറഞ്ഞു. രാജ്യത്തെ ഉത്സവ സീസണ്‍ തുടരുന്നതിനാല്‍ കൊവി‍ഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം മുന്നമറിയിപ്പ് നല്‍കി. കഴിഞ്ഞ ഒരുമാസത്തിനിടെ മഹാരാഷ്ട്ര, കര്‍ണാടക, തമിഴ് നാട്, ഉത്തര്‍  പ്രദേശ് എന്നിവിടങ്ങളില്‍ കോവിഡ് വ്യാപനം കുറഞ്ഞപ്പോള്‍ കേരളം, ദില്ലി, പശ്ചിമ  ബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം ഉയര്‍ന്നു.