തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 12 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സർക്കാർ ഓഫീസുകൾ ഇന്ന് പ്രവർത്തിക്കില്ല. സർക്കാർ ഓഫീസുകൾ ഒരാഴ്ചയും ആരാധനാലയങ്ങൾ ക്ലബുകൾ എന്നിവ രണ്ടാഴ്ചയും അടച്ചിടാനാണ് തീരുമാനം. 

കടകൾ രാവിലെ 11 മുതൽ 5 വരെ മാത്രമേ പ്രവർത്തിക്കു. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു. അതിർത്തികളിലും പരിശോധന കർശനമാക്കി. രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് ഇന്ന് പുറത്തിറക്കും. സംസ്ഥാനത്ത് 44396 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 225 പേർ വിവിധ ആശുപത്രികളിലാണ്. ഇന്നലെ മാത്രം 56 പേരാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. 

കാസർഗോഡ് ജില്ലയിൽ കൂടുതൽ പേരുടെ പരിശോധനാഫലങ്ങൾ ഇന്ന് പുറത്തു വരും.ഇന്നലെ മാത്രം പുതിയതായി ആറ് പേർക്ക് ആണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രോഗിയുമായി ബന്ധപ്പെട്ടവരുടെ സമ്പര്‍ക്ക പട്ടികയുണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ ഊര്‍ജ്ജിതമാണ്. സംസ്ഥാന സർക്കാരിന്‍റെ നിയന്ത്രണങ്ങളും നിർദേശങ്ങളും കൃത്യമായി പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സര്‍ക്കാരിന്‍റെ അറിയിപ്പ്.