തിരുവനന്തപുരം: കൊവിഡ് ഭീതി പടരുമ്പോഴും ലോകത്തെയും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കേരളത്തിൽ മരണനിരക്ക് കുറവും രോഗം ഭേദമാകുന്നവരുടെ തോതും കൂടുതലുമാണ്. സംസ്ഥാനത്തെ മരണനിരക്ക് 0.63 ശതമാനം മാത്രമാണ്. 96 ശതമാനമാണ് രോഗമുക്തി.

ഇന്ത്യയിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. ആഴ്ചകൾക്ക് മുമ്പ് രാജ്യത്ത് ഏറ്റവും അധികം രോഗികൾ ഉണ്ടായിരുന്നതും സംസ്ഥാനത്ത് തന്നെ, പക്ഷെ ഇപ്പോൾ കൊവിഡിനെതിരായ കേരള മോഡൽ പ്രതിരോധം വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. നിലവിൽ രോഗികളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്താണ് കേരളം. അതിൽ ഏറ്റവുമധികം രോഗികളുള്ള മഹാരാഷ്ട്രയിലെ മരണനിരക്ക് 6 ശതമാനം. ദില്ലിയിലേത് 1.4 ഉം മധ്യപ്രദേശിലേത് 6.73 ഉം കർണ്ണാടകം 2.64 ശതമാനവും. പക്ഷെ കേരളത്തിൽ ഇതുവരെ മരിച്ചത് രണ്ട് രോഗികൾ. ശതമാനം 0.63.

രോഗമുക്തിയിലും കേരളം മുന്നോട്ടാണ്.മാർച്ച് ആദ്യവാരം രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ ഒഴികെ ബാക്കിയെല്ലാവരുടേയും ഫലമിപ്പോൾ നെഗറ്റീവ്. 14 ദിവസമാണ് പരമാവധി രോഗമുക്തിക്ക് എടുക്കുന്നത്. ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളിൽ നിന്നും രോഗബാധയേറ്റ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള 57 കാരിയും ഉംറ കഴിഞ്ഞെത്തി മഞ്ചേരി മെഡിക്കൽ കോളേജാശുപത്രിയിൽ കഴിയുന്ന 65 കാരിയും മാത്രമാണ് ഇപ്പോഴും നീണ്ടകാലമായി ചികിത്സയിലുള്ളത്. 

കോഴഞ്ചേരിയിലെ സ്ത്രി 27 ദിവസമായി ആശുപത്രിയിൽ തുടരുമ്പോൾ മഞ്ചേരിയിലെ സ്ത്രീ 20 ദിവസമായി ചികിത്സയിൽ.കണക്കുകളിൽ ആശ്വാസം ഉണ്ടെങ്കിലും ഇപ്പോഴും ചിലകാര്യങ്ങളിൽ അവ്യക്തതയും ആശങ്കയും ബാക്കിയുണ്ട്. പോത്തൻകോട് മരിച്ച അബ്ദുൾ അസീസിനും ഇടുക്കിയിലെ പൊതുപ്രവർത്തകനും രോഗബാധ എങ്ങിനെയുണ്ടായെന്ന് ഇനിയും വ്യക്തമായിട്ടില്ല. 

14 ദിവസത്തിലേറെ നിരീക്ഷണം കഴിഞ്ഞിട്ടും ഒരു ലക്ഷണവും കാണിക്കാതിരുന്ന ദില്ലിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശിക്ക് കഴിഞ്ഞ ദിവസം പോസിറ്റിവായതും മറ്റൊരു ആശങ്ക ഉണ്ടാക്കുന്ന കേസ്. അത്തരം അപൂർവ്വ സാഹചര്യങ്ങളും ഉണ്ടാകാമെന്ന വാദം ഇപ്പോൾ ആരോഗ്യവകുപ്പ് ഉയർത്തുന്നുണ്ട്.