Asianet News MalayalamAsianet News Malayalam

ശസ്ത്രക്രിയ കഴിഞ്ഞവർക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും മരുന്നില്ല, ആശങ്കയിൽ രോഗികൾ

ലോക് ഡൗണിനെത്തുടർന്ന് മരുന്നുകളൊന്നും ലഭിക്കാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.

covid19  medicine shortages due to lockdown
Author
Kollam, First Published Apr 7, 2020, 11:22 AM IST

കൊല്ലം: അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവരും കടുത്ത മാനസിക വെല്ലുവിളികൾ നേരിടുന്നവരുമടക്കം ഗുരുതര പ്രതിസന്ധിയിൽ. ലോക് ഡൗണിനെത്തുടർന്ന് മരുന്നുകളൊന്നും ലഭിക്കാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. സ്ഥിരം കഴിച്ചുകൊണ്ടിരുന്ന മരുന്നും ശസ്ത്രക്രിയക്ക് ശേഷം കഴിക്കേണ്ട മരുന്നുമെല്ലാം കിട്ടതായതോടെ രോഗാവസ്ഥ മൂർച്ഛിക്കുമെന്നു ആശങ്കയിലാണ് രോഗികളും ബന്ധുക്കളും. 

അവയവമാറ്റ ശസ്‌ത്രക്രിയ കഴിഞ്ഞവർക്ക് മരുന്ന് കിട്ടുന്നില്ല

ജീവൻ പിടിച്ചു നിര്‍ത്താനുള്ള പാൻഗ്രാഫ്, അഡ്വാഗ്രാഫ്, സേര്‍ട്ടിക്കൻ എവറോലിമസ് എന്നീ  മരുന്നുകൾ കിട്ടാനില്ല. പൊതുവിപണിയിലും കാരുണ്യയിലും മരുന്നുകൾ ഇല്ല. മറ്റിടങ്ങളില്‍ നിന്ന് വരുത്താമെന്നു കരുതിയാൽ കൊറിയര്‍ സര്‍വീസും ഇല്ലെന്നാണ് കരൾ മാറ്റിവച്ച രോഗിയായ ഗിരീഷ് പറയുന്നത്. മരുന്ന് കഴിക്കാതിരുന്നാൽ ഉള്ള പ്രതിരോധ ശേഷി പോലും തകരും. തുന്നിപിടിപ്പിച്ച കരളിനെ ശരീരം പിന്തള്ളും. ഗിരീഷിനെപ്പോലെ കരൾ മാറ്റി വച്ച1300ലധികം രോഗികളാണ് ജീവൻ നിലനിര്‍ത്താനായി നെട്ടോട്ടമോടുന്നത്. 

മാനസിക വെല്ലുവിളിനേരിടുന്ന രോഗികൾക്കും മരുന്നില്ല 

മാനസിക വെല്ലുവിളി നേരിടുന്ന രോഗികളും ഇതേ അവസ്ഥയിലാണ്. ഇവര്‍ക്ക് ഒരു നേരം പോലും മരുന്ന് മുടക്കാനാകില്ല . മരുന്ന് കിട്ടാനില്ലാതെ പലരും അക്രമാസക്തരാകുന്നു. ഇവര്‍ക്ക് പൊതുവിൽ നൽകുന്ന സോഡിയം വാല്‍പ്രോയേറ്റ് , റെസ്പെരിഡോണ്‍ , ക്ലോണോസപാം , ഒലിയൻസ് തുടങ്ങി ഒട്ടുമിക്ക മരുന്നുകളും കിട്ടാനില്ല. ഹൃദയം, ന്യൂറോ സംബന്ധമായ രോഗങ്ങൾ എന്നിവക്കുള്ള ചില  ക്രിട്ടിക്കൽ കെയര്‍ മരുന്നുകൾ വിമാനമാര്‍ഗമാണ് എത്തിയിരുന്നത്. അതും ലഭ്യമാക്കാൻ കഴിയുന്നില്ലെന്ന് ഇവരെ ചികിത്സിക്കുന്നവർ പറയുന്നു. 

മരുന്നുക്ഷാമം നേരിടുന്നുണ്ടെന്നും അവയവമാറ്റ ശസ്ത്രക്രിയ നടത്തിയ രോഗികൾക്ക് മരുന്നു കൃത്യമായി ലഭിിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാനിടയുണ്ടെന്നും ആരോഗ്യവിദഗ്തരും ഡോക്ടർമാരും പറയുന്നു. കൊറിയർ സർവീസുകളില്ലാത്തത് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് മരുന്ന് വിതരണക്കാരും വ്യക്തമാക്കുന്നുണ്ട്. 

അതേ സമയം ജീവൻ രക്ഷാ മരുന്നുകൾ ഉടൻ ലഭ്യമാക്കുമെന്ന് ഡ്രഗ്സ് കൺട്രോളർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മരുന്ന് ക്ഷാമത്തെ കുറിച്ചുള്ള റിപ്പോർട്ടിനോടാണ് പ്രതികരണം. മരുന്ന് കിട്ടാത്തവർ ജില്ലാ ഡ്രഗ്സ് ഇൻസ്പെക്ടർമാരെ അറിയിക്കണം. വിളിച്ചറിയിച്ചാലുടൻ മരുന്ന് ലഭ്യമാക്കും.  www.dc.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും നന്പർ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios