ഫയർ ഫോഴ്സിൻ്റെ കഠിനാധ്വാനം ഫലം കണ്ടു; ബെയ്‌ലി പാലത്തിന് സമീപം കുത്തൊഴുക്കിൽ കുടുങ്ങിയ പശുവിനെ രക്ഷിച്ചു
സ്ഥലത്ത് ഫയർ ഫോഴ്‌സ് സംഘമുണ്ടായതിനാൽ പുഴയിലെ കുത്തൊഴുക്കിൽ പശു അകപ്പെട്ട ഉടൻ രക്ഷാപ്രവർത്തനം നടത്തി
മുണ്ടക്കൈ: വയനാട് ഉരുൾപൊട്ടൽ ദുരന്ത മുഖത്ത് നിർമ്മിച്ച ബെയ്‌ലി പാലത്തിന് സമീപം പുഴയിൽ കുത്തൊഴുക്കിൽ പശു കുടുങ്ങി. പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനിടെ പുഴയിലുണ്ടായ കുത്തൊഴുക്കിൽ പശു കുടുങ്ങുകയായിരുന്നു. ഫയർ ഫോഴ്സ് സേനാംഗങ്ങൾ നടത്തിയ കഠിനാധ്വാനത്തിലൂടെ പശുവിനെ കരയ്ക്ക് കയറ്റി. കുത്തൊഴുക്കിൽ പല തവണ പുഴയിൽ മുങ്ങിത്താഴ്ന്ന പശുവിന് പരിക്കേറ്റതായാണ് വിവരം. മൃഗഡോക്ടറുടെ സേവനം ലഭ്യമാക്കാൻ ശ്രമം തുടങ്ങി. പശു ക്ഷീണിതയാണ്.
സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയ ദൗത്യസംഘത്തിന് മുന്നിൽ വച്ചാണ് ഇന്ന് നാലരയോടെ പുഴയിൽ പശു അകപ്പെട്ടത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഉടൻ തന്നെ പുഴയിലേക്ക് നീങ്ങി പശുവിനെ രക്ഷിക്കുകയായിരുന്നു. ഇവിടെ അതിശക്തമായ മഴയാണ് പെയ്യുന്നത്. മൃഗസംരക്ഷണ വകുപ്പിൻ്റെ സേവനം ഉടൻ തന്നെ ലഭ്യമാക്കും.
കരക്കെത്തിച്ച പശുവിന് നടക്കുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്നു. കാലിൽ മുറിവേറ്റിട്ടുണ്ട്. ഇതിനാലാണ് ഇതെന്ന് സംശയിക്കുന്നു. കഴുത്തിലുണ്ടായിരുന്ന കയർ അഴിച്ച് പശുവിനെ സ്വതന്ത്രയാക്കിയെങ്കിലും അത് നിൽക്കാതെ നിലത്ത് കിടന്നു. ചെളിവെള്ളം പശു ധാരാളം കുടിച്ചിട്ടുള്ളതായാണ് സംശയം. പശുവിന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുമെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്