സിൽവർ ലൈനിനെ എതിർക്കുന്ന എല്ലാവരും ശത്രുക്കൾ അല്ല. സമാധാന അന്തരീക്ഷത്തിൽ മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ. സമീപനം ജനങ്ങളെ ബോധ്യപ്പെടുത്തണം. എന്നിട്ടു നടപ്പാക്കണമെന്നും പ്രകാശ് ബാബു പറഞ്ഞു.
തിരുവനന്തപുരം: കെ റെയിൽ (K Rail) സിൽവർ ലൈൻ (Silver Line) പദ്ധതിയിൽ വിമർശനവുമായി സിപിഐ (CPI) . ചില കാര്യങ്ങൾ തിരുത്തണം എന്നാണ് പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു (Prakash Babu) അഭിപ്രായപ്പെട്ടത്. സിൽവർ ലൈനിനെ എതിർക്കുന്ന എല്ലാവരും ശത്രുക്കൾ അല്ല. സമാധാന അന്തരീക്ഷത്തിൽ മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ. സമീപനം ജനങ്ങളെ ബോധ്യപ്പെടുത്തണം. എന്നിട്ടു നടപ്പാക്കണമെന്നും പ്രകാശ് ബാബു പറഞ്ഞു.
ആശങ്ക അകറ്റി സ്വപ്ന പദ്ധതി എന്ന നിലയിൽ നടപ്പാക്കണം. പൊലീസ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ തിരുത്തണം. സിവിൽ ഉദ്യോഗസ്ഥർ അടക്കം ശ്രദ്ധിക്കണം. തീവ്രവാദ സ്വഭാവം ഉള്ളവർ സമരത്തിൽ ഉണ്ടെന്ന ആരോപണത്തെക്കുറിച്ച് അറിയില്ല. സമരക്കാർ എല്ലാം സർക്കാർ വിരുദ്ധർ അല്ല എന്നും പ്രകാശ് ബാബു അഭിപ്രായപ്പെട്ടു.
അതേസമയം, കെ റെയിൽ വിരുദ്ധ നിലപാടെടുത്ത സിപിഐ പിറവം ലോക്കൽ സെക്രട്ടറിയോട് പാർട്ടി വിശദീകരണം ചോദിച്ചിട്ടുണ്ട്. സിപിഐ പിറവം മണ്ഡലം കമ്മറ്റി ആണ് വിശദീകരണം ചോദിച്ചത്. മൂന്ന് ദിവസത്തിനക൦ മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടി എടുക്കുമെന്ന് സിപിഐ എറണാകുളം ജില്ല സെക്രട്ടറി പി രാജു പറഞ്ഞു. മുന്നണി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ റെയിലിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനൊരുങ്ങി ഡിവൈഎഫ്ഐ
കണ്ണൂരിൽ വീടുകൾ കയറി പദ്ധതിയുടെ ഗുണഫലങ്ങൾ വിശദീകരിച്ച് ഡിവൈഎഫ്ഐ ലഘുലേഖകൾ വിതരണം ചെയ്യ്തു. ജനസഭ സദസ്സ് സംഘടിപ്പിച്ച് ചോറ്റാനിക്കരയിലും ഡി വൈ എഫ് ഐ പ്രതിരോധം തീർത്തു.
കെ റയിലിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പ്രതിരോധ പ്രവർത്തനവുമായി ഡി വൈ എഫ് ഐ രംഗത്തെത്തിയത്. വീടുകൾ കയറിയിറങ്ങി റെയിൽ നാടിന് ആവശ്യമെന്ന് ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കും. നഷ്ടപരിഹാര തുക അടക്കുള്ള വിഷയങ്ങളിൽ ജനങ്ങളിലെ ആശങ്കകൾ പരിഹരിക്കും. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്ന ബാധിത പ്രദേശങ്ങളിലെ മുഴുവൻ വീടുകളും കയറിയിറങ്ങി ലഘുലേഖകളും വിതരണം ചെയ്യാനാണ് തീരുമാനം. കണ്ണൂർ ജില്ലയിൽ കെറയിൽ പ്രതിഷേധം രൂക്ഷമായ പയ്യന്നൂർ, തളാപ്പ്, മാടായി പ്രദേശങ്ങളിൽ നേതാക്കൾ നേരിട്ടെത്തി സാഹചര്യങ്ങൾ വിശദീകരിക്കും. പ്രവർത്തകർ നേരിട്ടെത്തുമ്പോഴും വീട് പോകുന്നതിൽ ജനങ്ങളിൽ ആശങ്കയുണ്ട്.
കെ റയിലിനെതിരെ ശക്തമായ സമരം നടക്കുന്ന ചോറ്റാനിക്കരയിൽ ജനസദസ്സ് രൂപീകരിച്ചാണ് പ്രതിരോധം. സംസ്ഥാന പ്രസിഡന്റ് എസ് സതീഷിന്റെ നേതൃത്വത്തിൽ ആണ് പദ്ധതി വിശദീകരണം നടന്നത്. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ പ്രദേശത്തും വീടുകൾ കയറി ഇറങ്ങാനാണ് ഡിവൈഎഫ്ഐയുടെ തീരുമാനം.
