Asianet News MalayalamAsianet News Malayalam

സിപിഐക്കും കടുത്ത അതൃപ്തി; കെഎസ്എഫ്ഇ റെയ്‌ഡ് വിവാദങ്ങൾക്ക് ഇന്ധനം പകരുമെന്ന് മുഖപത്രം

ധനവകുപ്പിനെ ഇരുട്ടിൽ നിർത്തി നടത്തിയ റെയ്‌ഡിൽ സാമ്പത്തിക കുറ്റവാളികളോടെ എന്നപോലെയാണ് വിജിലൻസ് പെരുമാറിയതെന്നും സിപിഐ അഭിപ്രായപ്പെട്ടു.

cpi criticizes ksfe vigilance inquiry
Author
Thiruvananthapuram, First Published Nov 30, 2020, 7:33 AM IST

തിരുവനന്തപുരം: കെഎസ്എഫ്ഇ റെയ്‌ഡിൽ സിപിഐക്കും കടുത്ത അതൃപ്തി. സർക്കാരിനെതിരായ വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതാണ് റെയ്ഡ് എന്ന് സിപിഐ മുഖപത്രം അഭിപ്രായപ്പെട്ടു. വിശ്വാസ്യതയുള്ള പൊതുമേഖലാ സ്ഥാപനത്തിലെ റെയ്ഡ് ഞെട്ടിക്കുന്നതാണ്. റെയ്‌ഡിൻ്റെ ഉദ്ദേശശുദ്ധിതന്നെ സംശയത്തിലാണെന്നും സിപിഐ പറയുന്നു. ധനവകുപ്പിനെ ഇരുട്ടിൽ നിർത്തി നടത്തിയ റെയ്‌ഡിൽ സാമ്പത്തിക കുറ്റവാളികളോടെ എന്നപോലെയാണ് വിജിലൻസ് പെരുമാറിയതെന്നും സിപിഐ അഭിപ്രായപ്പെട്ടു.

വിജിലൻസ് പരിശോധനയിൽ മുഖ്യമന്ത്രിക്ക് കീഴിലെ ആഭ്യന്തരവകുപ്പിനെതിരെ സിപിഎമ്മിൽ കടുത്ത വിമർശനം ഉയര്‍ന്നിരുന്നു. വിജിലൻസ് പരിശോധനാ വിവാദത്തിൽ സിപിഎമ്മിലെ വിയോജിപ്പ് മുഖ്യമന്ത്രിയുടെ അപ്രമാദിത്വത്തിനും തിരിച്ചടിയാകുകയാണ്. വിജിലൻസിനെ കുറ്റപ്പെടുത്തുമ്പോഴും നേതാക്കളുടെ പരസ്യ പ്രതിഷേധം ചെന്ന് കൊള്ളുന്നത് മുഖ്യമന്ത്രിയുടെ നേർക്കാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ തിരുത്താൻ കഴിയാതെ പഴികേട്ട പാർട്ടി നേതൃത്വമാണ് ഒന്നിനുപിറകെ ഒന്നായി വിയോജിപ്പ് പരസ്യമാക്കി രംഗത്തെത്തുന്നത്.

അതേസമയം, കെഎസ്എഫ്ഇ മിന്നൽ പരിശോധനാ റിപ്പോർട്ട് സർക്കാറിന് കൈമാറാന്‍ ഒരാഴ്ച വൈകും. വിജിലൻസ് ഡയറക്ടർ അവധി കഴിഞ്ഞ് ഏഴിന് മടങ്ങിയെത്തിയ ശേഷമായിരിക്കും റിപ്പോർട്ട് നൽകുക. അതേസമയം, ധനമന്ത്രി അടക്കമുള്ളവരുടെ വിമർശനത്തിലും, കണ്ടെത്തിയ ക്രമക്കേട് മറികടക്കാൻ ധനവകുപ്പ് അന്വേഷണം നടത്തുന്നതിലും വിജിലൻസിൽ അതൃപ്തിയുണ്ട്.

Follow Us:
Download App:
  • android
  • ios