Asianet News MalayalamAsianet News Malayalam

സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ തടഞ്ഞു

എസ്എഫ്ഐ-എഐഎസ്എഫ് സംഘര്‍ഷത്തില്‍ പരിക്കേറ്റ എഐഎസ്എഫ് പ്രവര്‍ത്തകരെ കാണാനായി എത്തിയപ്പോള്‍ സിപിഐ ജില്ലാ സെക്രട്ടറിയെ ‍ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതും വാക്കേറ്റമുണ്ടായതും. 

cpi district Secretary blocked by dyfi workers
Author
Ernakulam, First Published Jul 18, 2019, 8:56 AM IST

കൊച്ചി: സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ തടഞ്ഞു. ബുധനാഴ്ച രാത്രി ഞാറക്കല്‍ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ വച്ചാണ് പി.രാജുവിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. വൈപ്പിന്‍ സര്‍ക്കാര്‍ കോളേജില്‍ ഇന്നലെ എസ്എഫ്ഐ-എഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഈ ഏറ്റുമുട്ടലില്‍ പരിക്കേറ്റ എഐഎസ്എഫ് കോളേജ് യൂണിറ്റ് സെക്രട്ടറി ജിഷ്ണു, സാലിഹ് എന്നിവരെ കാണാനായി പി.രാജു രാത്രിയോടെ ഞാറക്കല്‍ ആശുപത്രിയിലെത്തിയപ്പോള്‍ ആണ് സംഭവം. 

പരിക്കേറ്റ എഐഎസ്എഫ് നേതാക്കളേയും ആശുപത്രിയിലെത്തിയ സിപിഐ നേതാക്കളേയും കണ്ട പി.രാജുവിന്‍റെ ഇടപെടലിന്‍റെ ഫലമായി പൊലീസ് മര്‍ദ്ദനമേറ്റവരില്‍ നിന്നും മൊഴി എടുത്തു. ഇതിനു ശേഷം പി.രാജു ആശുപത്രിയില്‍ നിന്നും മടങ്ങാനൊരുങ്ങുമ്പോള്‍ ആണ് അവിടെയുണ്ടായിരുന്ന ചില ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തങ്ങളുടെ ബൈക്കുകളുപയോഗിച്ച് അദ്ദേഹത്തിന്‍റെ കാര്‍ തടഞ്ഞത്. 

ഇതോടെ പി.രാജുവും സിപിഐ പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞു. വാക്കേറ്റം രൂക്ഷമായതിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വാഹനത്തില്‍ അടിച്ചു സംസാരിച്ചെന്നും സിപിഐ ആരോപിക്കുന്നു. പിന്നീട് ഞാറക്കല്‍ സിഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയാണ് ഇരുപക്ഷത്തേയും പ്രവര്‍ത്തകരെ പിരിച്ചു വിട്ടത്. 

തന്‍റെ വാഹനം തടഞ്ഞവരെ നീക്കാനോ സംഘര്‍ഷമുണ്ടാക്കിയവരെ ആശുപത്രിയില്‍ നിന്നും മാറ്റാനോ പൊലീസ് ശ്രമിച്ചില്ലെന്ന് പി.രാജു പിന്നീട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മര്‍ദ്ദനമേറ്റ് ആശുപത്രിയിലായ എഐഎസ്എഫ് പ്രവര്‍ത്തകരുടെ മൊഴിയെടുക്കാനും പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. മര്‍ദ്ദമേറ്റ വിദ്യാര്‍ത്ഥികള്‍ നേരത്തെ തന്നെ പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാനോ മൊഴിയെടുക്കാനോ പൊലീസ് മെനക്കെട്ടില്ല. 

ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കേസ് എടുക്കണോ വേണ്ടയോ എന്ന് പൊലീസ് തീരുമാനിക്കുമെന്നായിരുന്നു ഞാറക്കല്‍ സിഐയുടെ മറുപടി. കേസ് എടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കാനും പരിക്കേറ്റവരുടെ മൊഴി ഉടനെ രേഖപ്പെടുത്തണമെന്നും സിഐയോട് താന്‍ പറഞ്ഞു. എന്നാല്‍ അതിനും അദ്ദേഹം തയ്യാറായില്ല. 

പിന്നീട് എസ്‍പിയേയും ഡിവൈഎസ്‍പിയേയും രണ്ട് തവണ താന്‍ വിളിച്ചു പറഞ്ഞ ശേഷമാണ് പ്രവര്‍ത്തകരുടെ മൊഴിയെടുക്കാന്‍ ഞാറക്കല്‍ സിഐ തയ്യാറായത്. പൊലീസ് അസോസിയേഷന്‍റെ ഒരു നേതാവാണ് ഞാറക്കല്‍ സിഐ. അദ്ദേഹത്തിന്‍റെ ഭാഗത്തു നിന്നുണ്ടായ ഏകപക്ഷീയമായ നടപടികളില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പൊലീസ് കംപ്ലൈന്‍റ് അതോറിറ്റിക്കും പരാതി നല്‍കാനാണ് തീരുമാനം. പൊലീസ് വന്ന് മൊഴിയെടുത്തതോടെ സ്ഥലത്തുണ്ടായിരുന്ന സിപിഐ പ്രവര്‍ത്തകരെയെല്ലാം ആശുപത്രിയില്‍ നിന്നുംതാന്‍ ഒഴിപ്പിച്ചു.  ശേഷം മടങ്ങി പോകുമ്പോള്‍ ആണ് സ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്എ പ്രവര്‍ത്തകര്‍ എന്‍റെ വാഹനം തടഞ്ഞത് - പി.രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

എഐഎസ്എഫ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച എസ്എഫ്ഐക്കാര്‍ക്കെതിരെ കേസെടുക്കണമെന്ന് സംഭവം നടന്നപ്പോള്‍ മുതല്‍ സിപിഐ പ്രവര്‍ത്തകര്‍ പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് സിപിഐ പ്രാദേശിക നേതാക്കളും ആരോപിക്കുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസിനെ വിളിച്ച്  സിപിഐ പ്രവര്‍ത്തകരോട് മോശമായാണ് സിഐ പെരുമാറിയതെന്നും സിപിഐ നേതാക്കള്‍ പരാതിപ്പെടുന്നു. 

Follow Us:
Download App:
  • android
  • ios