Asianet News MalayalamAsianet News Malayalam

ജില്ലാ നേതൃത്വത്തിന് അതൃപ്തി, മാർച്ച് കാനം അറിഞ്ഞു തന്നെയെന്ന് ജില്ലാ സെക്രട്ടറി

സിപിഐ മാർച്ചിനെക്കുറിച്ച് കാനം നടത്തിയ വിവാദ പരാമ‌ർശങ്ങളിലെ അതൃപ്തി ജില്ലാ നേതൃത്വം പരസ്യമായി പ്രകടിപ്പിക്കുന്നു. 'വീട്ടിലിരുന്ന എംഎൽഎയെ അല്ല സമരത്തിന് പോയ എംഎൽഎ'യെയാണ് പൊലീസ് മർദ്ദിച്ചതെന്നായിരുന്നു' കാനത്തിന്‍റെ പ്രതികരണം. 

cpi district secretary p raju says kanam knew there would be a march
Author
Thiruvananthapuram, First Published Jul 25, 2019, 11:33 PM IST

തിരുവനന്തപുരം: ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ സിപിഐ എംഎല്‍എ എൽദോ എബ്രഹാമിന്‍റെ കൈ തല്ലിയൊടിച്ച പൊലീസിനെ വിമര്‍ശിക്കാതെ പ്രതികരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ജില്ലാ നേതൃത്വത്തിന് അതൃപ്തി. കാനത്തിന്‍റെ പ്രസ്താവനയോടുള്ള നീരസം മറച്ചുവയ്ക്കാതെയാണ് എറണാകുളം ജില്ലാ സെക്രട്ടറി പി രാജു പ്രതികരിച്ചത്. മാർച്ച് കാനം അറിഞ്ഞു തന്നെയാണ് നടന്നതെന്നും, എന്താണിപ്പോൾ ഇങ്ങനെ പറയുന്നതെന്ന് അറിയില്ലെന്നുമാണ് പി രാജുവിന്‍റെ മറുപടി. 

എല്ലാ കാര്യങ്ങളും കാനത്തെ നേരിട്ട് അറിയിക്കുമെന്ന് പി രാജു പറയുന്നു. നാളെ രാവിലെ പത്തു മണിക്ക് ആലുവയിൽ മൂന്നു ജില്ലകളിലെ മേഖല റിപ്പോർട്ടിംഗിൽ കാനം പങ്കെടുക്കുന്നുണ്ട്. വൈകിട്ട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലും കാനം പങ്കെടുക്കുന്നുണ്ട്. ഈ വേദിയിൽ വച്ച് വിശദാംശങ്ങൾ കാനത്തെ അറിയിക്കുമെന്നാണ് പി രാജു വ്യക്തമാക്കുന്നത്. ഇക്കാര്യത്തിലുള്ള അമർഷം യോഗത്തിൽ കാനത്തിനെ നേരിട്ട് അറിയിക്കാനാണ് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. മർദ്ദനമേറ്റ നേതാക്കളെ കാനം സന്ദർശിക്കാനെത്താത്തതും പ്രവർത്തകർക്കിടയിൽ അമർഷത്തിനു കാരണമായിട്ടുണ്ട്.

എൽദോ എബ്രഹാം അടക്കമുള്ളവർക്കെതിരായ പൊലീസ് നടപടിയെക്കുറിച്ച് കാനം പറഞ്ഞതിങ്ങനെ: ''അനീതിയെ എതിര്‍ക്കേണ്ടത് രാഷ്ട്രീയപാര്‍ട്ടികളുടെ കടമയാണ്. ഇതിനിടെ പൊലീസ് നടപടി നേരിടേണ്ടി വരും. മാധ്യമങ്ങളുടെ ട്യൂണിന് അനുസരിച്ച് തുള്ളുന്ന പാർട്ടിയല്ല സിപിഐ. പക്വതയോടെ മാത്രമേ സിപിഐ പ്രതികരിക്കൂ''.  

ചൊവ്വാഴ്ചയാണ് എറണാകുളത്തെ റേഞ്ച് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടപടിയുണ്ടായത്. ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു സിപിഐയുടെ മാര്‍ച്ച്. 

അതേസമയം കാനത്തിന്‍റെ പ്രതികരണത്തില്‍ അസ്വഭാവികമായി ഒന്നുമില്ലെന്ന് പൊലീസ് മര്‍ദ്ദനത്തില്‍ കയ്യൊടിഞ്ഞ എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു. സമരത്തിനിടയിലെ പൊലീസ് നടപടി സ്വഭാവികമെന്നാണ് കാനം ഉദ്ദേശിച്ചത്. സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടില്‍ അതൃപ്തിയില്ലെന്നും എല്‍ദോ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios