വിവാഹ നടത്തിപ്പിന് നേതൃത്വം നൽകിയ നേതാവ് തന്നെ വിമർശനമുന്നയിച്ചപ്പോൾ സിപിഐ സംസ്ഥാന കൗണ്‍സിൽ യോഗത്തിൽ ഉരുളക്ക് ഉപ്പേരി പോലുള്ള മറുപടിയാണ് കാനം രാജേന്ദ്രൻ നൽകിയത്. 

തിരുവനന്തപുരം: ആഡംബര വിവാഹം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ? മുവാറ്റുപുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാമിന്‍റെ തോൽവിക്ക് കാരണമായത് ആഡംബര വിവാഹമെന്നാണ് എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിന്‍റെ കണ്ടെത്തൽ. വിവാഹ നടത്തിപ്പിന് നേതൃത്വം നൽകിയ നേതാവ് തന്നെ വിമർശനമുന്നയിച്ചപ്പോൾ സിപിഐ സംസ്ഥാന കൗണ്‍സിൽ യോഗത്തിൽ ഉരുളക്ക് ഉപ്പേരി പോലുള്ള മറുപടിയാണ് കാനം രാജേന്ദ്രൻ നൽകിയത്.

ധ്രുവീകരണം,സ്ഥാനാർത്ഥി വിരുദ്ധ വികാരം,മുന്നണിയിലെ പാലംവലി അങ്ങനെ അങ്ങനെ നീളുന്നു തോറ്റ സീറ്റുകളിൽ പാർട്ടികളുടെ തെരഞ്ഞെടുപ്പ് അവലോകനം. എന്നാൽ മൂവാറ്റുപുഴയിൽ മുങ്ങി താണതെങ്ങനെ എന്ന ചിന്തിച്ച് ചിന്തിച്ച് ജില്ലാ നേതൃത്വം എത്തിയ നിഗമനമാണ് വിചിത്രം. എംഎൽഎയായിരിക്കുമ്പോൾ എൽദോ എബ്രഹാമിന്‍റെ വിവാഹത്തിന് കിട്ടിയ മാധ്യമ ശ്രദ്ധയും വിഹാഹ നടത്തിപ്പിലെ ആഡംബരവും എതിരായി എന്നാണ് ജില്ലാ സെക്രട്ടറി പി.രാജുവിന്‍റെ കണ്ടെത്തൽ. സിപിഐ സംസ്ഥാന കൗണ്‍സിലിലും ജില്ലയിൽ സംപൂജ്യരായതിന്‍റെ കാരണം രാജു നിരത്തിയത് ഇങ്ങനെ.

അന്ന് വിവാഹത്തിന്‍റെ കാർമ്മികരിൽ ഒരാളായി നിന്നപ്പോഴും പഴയിടത്തിന്‍റെ സദ്യ കഴിച്ചപ്പോഴും ഈ തോന്നൽ ഉണ്ടായില്ലേ എന്നായിരുന്നു കാനം രാജേന്ദ്രന്‍റെ മറുപടി. കാനത്തിൽ നിന്നും കണക്കിന് കിട്ടയതോടെ രാജുവും പിൻവാങ്ങി. പട്ടിണിയും ദാരിദ്ര്യവും ലാളിത്യവും പറഞ്ഞ് വോട്ട് നേടിയ എൽദോ എബ്രഹാമിനെ 2016ൽ തെര‌ഞ്ഞെടുത്ത മൂവാറ്റുപുഴക്കാർ 2021ൽ എൽദോയെ കൈവിട്ടതിൽ മണ്ഡലത്തിലുണ്ടായ അടക്കം പറച്ചിലുകൾ പാർട്ടി യോഗത്തിൽ ഉയർത്തിയതാണ് രാജുവിന് വിനയായത്.

ഓ‌ർത്തോഡോക്സ് യാക്കോബായ തർക്കത്തിൽ ഒരു വിഭാഗത്തിന്‍റെ ആളായി എൽദോ വിശേഷിപ്പിക്കപ്പെട്ടത് അടക്കം രാഷ്ട്രീയ കാരണങ്ങളും തോൽവിക്ക് കാരണമായി ചർച്ചയിൽ ഉയർന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫിന് ഒപ്പമെത്താൻ വ്യക്തിപരമായി എൽദോക്കുണ്ടായ കടുത്ത സാമ്പത്തിക ബാധ്യതകളും സിപിഐ ഗൗരവത്തോടെ കാണുന്നു. സാമ്പത്തിക പ്രതിസന്ധിയിലേക്ക് എൽദോയെ തള്ളിവിടാതെ ബാധ്യതകൾ പാർട്ടി കൂടി ഏറ്റെടുക്കണമെന്ന അഭിപ്രായവും ശക്തമാണ്. കാനം പങ്കെടുത്ത് എറണാകുളം ജില്ലാ കമ്മിറ്റിയും സംസ്ഥാന നേതാക്കൾ പങ്കെടുത്ത് മൂവാറ്റുപുഴ മണ്ഡ‍ലം കമ്മിറ്റിയും ചേരാൻ തീരുമാനിച്ചിട്ടുണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona