പാലക്കാട്: മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട ഏറ്റുമുട്ടലിനെക്കുറിച്ച് സിപിഐ സംഘം തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറിയേക്കും. സിപിഐ സ്ഥലം സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ട് ഇന്നലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കൈമാറിയിരുന്നു. അദ്ദേഹമാകും റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറുക

നടന്നത് വ്യാജ ഏറ്റുമുട്ടൽ ആണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മജിസ്റ്റീരിയൽ അന്വേഷണം വേണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. മാവോയിസ്റ്റുകളെ വെള്ളപൂശേണ്ടെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കെയാണ് കാനം നേരിട്ട് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറാനൊരുങ്ങുന്നത്.

മഞ്ചിക്കണ്ടിയിൽ മുഖ്യമന്ത്രിയുടേയും പൊലീസിന്റെയും വാദങ്ങൾ സിപിഐ പൂ‍ർണ്ണമായും തള്ളുകയാണ്. സ്ഥലം സന്ദർശിച്ച അസിസ്റ്റൻറ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം നടന്നത് വ്യാജ ഏറ്റുമുട്ടൽ എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. പൊലീസ് ഏകപക്ഷീയമായാണ് വെടിവെച്ചതെന്നും സിപിഐ പറയുന്നു. മണിവാസകത്തിന് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ട്. മാവോയിസ്റ്റുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയോ അതിന് ശേഷമോ ആണ് പൊലീസ് വെടിവെച്ചതാണെന്നാണ് സ്ഥലവാസികൾ അറിയിച്ചത്. 

അതിനാൽ മജിസ്റ്റീരിയൽ അന്വേഷണമാണ് പാർട്ടി ആവശ്യപ്പെടുന്നത്.എന്നാൽ പാർട്ടി റിപ്പോർട്ട് കാനം രാജേന്ദ്രൻ മുഖ്യമന്ത്രിക്ക് കൈമാറാനിരിക്കെ സർക്കാർ പൊലീസ് നടപടിയെ പൂർണ്ണമായും തുണക്കുന്നു. നിയമസഭയിൽ വ്യാജ ഏറ്റുമുട്ടലെന്ന പ്രതിപക്ഷ വിമർശനത്തിന് പിണറായി വിജയൻ നൽകിയ മറുപടിയും സിപിഐയെക്കൂടി ലക്ഷ്യമിട്ട് ആയിരുന്നു.

അട്ടപ്പാടി മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടലല്ലെന്ന് മുഖ്യമന്ത്രി ഇന്നും ആവർത്തിച്ചു. കീഴടങ്ങാൻ വന്നവരെ അല്ല വെടിവച്ചത്. കീഴടങ്ങുന്നതിന് പ്രത്യേക മാനദണ്ഡം ഉണ്ട്. മാവോയിസ്റ്റുകളെ ആരും ആട്ടിൻകുട്ടികളാക്കി ചിത്രീകരിക്കരുതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

അതേ സമയം അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയിലെ ഏറ്റുമുട്ടൽ ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പാലിച്ചാണെന്ന് പൊലീസ് റിപ്പോർട്ട് പാലക്കാട് ജില്ലാ കോടതി അംഗീകരിച്ചു. 

കൊല്ലപ്പെട്ട നാലു മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാനുളള നടപടികളുമായി പൊലീസിന്  മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ആണ് മാവോയിസ്റ്റുകളുടെ ബന്ധുക്കളുടെ തീരുമാനം.