രാജേന്ദ്രന്‍റെ വിശദീകരണം സിപിഎം അന്വേഷണകമ്മീഷൻ ഇന്ന് കേൾക്കും

ദേവികുളം: ഇടുക്കി ജില്ലയിലെ രണ്ട് മണ്ഡലങ്ങളിൽ ഇടത് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ പ്രവ‍ർത്തകരും നേതാക്കളും ശ്രമിച്ചെന്ന ആരോപണത്തിൽ പാർട്ടിതല അന്വേഷണം പുരോഗമിക്കുന്നു. ദേവികുളത്തെ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മുൻ എംഎൽഎ എസ് രാജേന്ദ്രനടക്കമുള്ളവരാണ് പ്രതിക്കൂട്ടിലായത്. രാജേന്ദ്രന്‍റെ വിശദീകരണം സിപിഎം അന്വേഷണകമ്മീഷൻ ഇന്ന് കേൾക്കും.

മൂന്നാറിലെ പാര്‍ട്ടി ഓഫീസിൽ വച്ചാണ് രണ്ടംഗ കമ്മീഷൻ രാജേന്ദ്രനെ കാണുക. മൂന്നാര്‍,മറയൂര്‍ ഏരിയ കമ്മിറ്റികളിലെ അംഗങ്ങളുടെ മൊഴിയുമെടുക്കും.നേരത്തെ അടിമാലി, മൂന്നാര്‍ ഏരിയ കമ്മിറ്റി അംഗങ്ങളിൽ ഭൂരിഭാഗവും രാജേന്ദ്രനെതിരെ പരാതി ഉന്നയിച്ചിരുന്നു. പ്രചാരണത്തിൽ സജീവമല്ലാതിരുന്ന രാജേന്ദ്രൻ സിപിഎം സ്ഥാനാര്‍ത്ഥി എ രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നെന്നാണ് ഇവരുടെ പരാതി. ഇന്നത്തോടുകൂടി അന്വേഷണം പൂര്‍ത്തിയാക്കി ഉടൻ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് രണ്ടംഗ കമ്മീഷന്‍റെ ലക്ഷ്യം.

അതേസമയം പീരുമേട് മണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സിപിഐയിലെ ഒരു വിഭാഗം വീഴ്ച വരുത്തിയെന്ന പരാതിയില്‍ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് ആരംഭിച്ചു. കമ്മീഷൻഅംഗങ്ങളായ സിപിഐ ജില്ലാ കൗൺസില്‍ അംഗം ടി വി അഭിലാഷ്, ജില്ലാ എക്‌സിക്യൂട്ടിവ് അംഗങ്ങളായ പ്രിന്‍സ് മാത്യു, ടി എം മുരുകന്‍ എന്നിവർ പീരുമേട്ടിൽ ക്യാമ്പ് ചെയ്താണ് അന്വേഷണം നടത്തുന്നത്.

മണ്ഡലം കമ്മറ്റി സെക്രട്ടറിമാർ,അംഗങ്ങൾ, ജില്ലാ കൌൺസിൽ അംഗങ്ങൾ എന്നിവർ കമ്മീഷന് വിവരങ്ങൾ കൈമാറി. മേഖല കമ്മറ്റി ഭാരവാഹികൾ, ബ്രാഞ്ച് തല ഭാരവാഹികൾ തുടങ്ങിയവരെ അടുത്ത ദിവസം വിളിച്ചു വരുത്തിയേക്കും. തെരഞ്ഞെടുപ്പിനു ശേഷം മണ്ഡലത്തിലെ ചുമതലക്കാരനായിരുന്നു പാർട്ടി കൺട്രോൾ കമ്മീഷൻ അംഗം അവതരിപ്പിച്ച റിപ്പോർട്ടിൽ മുൻ എംഎൽഎ ഇ എസ് ബിജിമോൾ അടക്കമുള്ള നേതാക്കളുടെ വിഴ്ചകൾ ചൂണ്ടിക്കാണിച്ചിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം നടത്താൻ കമ്മീഷനെ നിയോഗിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona