അജികുമാറിന്റെ കുടുംബക്ഷേത്രത്തിന്റെ പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി രണ്ട് പേർക്ക് വീട് നിർമിച്ചു നൽകി. കായംകുളം അറയ്ക്കൽ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ വച്ച് മെയ് 25 നാണ് താക്കോൽ ദാന ചടങ്ങ് നടന്നത്.
ആലപ്പുഴ: ശബരിമലയിലെ വിവാദ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗവും സിപിഐ നേതാവുമായ എ അജികുമാറിന് അടുത്ത ബന്ധമെന്ന വിവരം പുറത്ത്. അജികുമാറിന്റെ കുടുംബക്ഷേത്രത്തിന്റെ പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി രണ്ട് പേർക്ക് വീട് നിർമിച്ചു നൽകി. കായംകുളം അറയ്ക്കൽ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ സ്പോൺസർ ആയി അജികുമാർ എത്തിച്ചത്. ബാംഗ്ലൂർ സ്വദേശികളായ മൂന്ന് അയ്യപ്പ ഭക്തർ നിർമിച്ചു നൽകുന്ന വീട് എന്നാണ് നോട്ടീസിൽ പറഞ്ഞത്. രണ്ട് പേർ രാഘവേന്ദ്ര, രമേശ് എന്നിവരായിരുന്നു മൂന്നാമൻ ഉണ്ണികൃഷ്ണൻ പോറ്റിയും.
അറയ്ക്കൽ അന്നപൂർണ്ണേശ്വരി ക്ഷേത്ര പരിസരത്ത് വെച്ച് മെയ് 25 നാണ് താക്കോൽ ദാന ചടങ്ങ് നടന്നത്. അജികുമാറാണ് ഭവന പദ്ധതിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയെ എത്തിച്ചത്. ചടങ്ങിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പൊന്നാട അണിയിച്ച് ആദരിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും അജികുമാർ ആണ് പോറ്റിയെ എത്തിച്ചതെന്നും വീടിന് അർഹമായവരെ കണ്ടെത്തുക മാത്രമാണ് ഞങ്ങൾ ചെയ്തതെന്നും അറയ്ക്കൽ അന്നപൂർണ്ണേശ്വരി ക്ഷേത്ര ഭാരവാഹികൾ പ്രതികരിച്ചു. കായംകുളത്തെ സിപിഐ നേതാവ് കൂടിയായ അജികുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദന പരാതി ഉയർന്നിരുന്നു. തുടർന്ന് സിപിഐ ജില്ലാ കമ്മിറ്റിയിൽ നിന്ന് തരം താഴ്ത്തിയിരുന്നു. അത്തരത്തിൽ പാർട്ടി നടപടി നേരിട്ടയാൾ കൂടിയാണ് തിരു. ദേവസ്വം ബോർഡ് അംഗം അജികുമാർ.


