Asianet News MalayalamAsianet News Malayalam

'രാഹുലിന്റെ യാത്ര ഒരുവശത്ത്, മറുവശത്ത് എംഎൽഎമാർ ബിജെപിയിലേക്ക്'; പരിഹസിച്ച് സിപിഐ 

രാഹുൽ ഗാന്ധി ആദ്യം ഒന്നിപ്പിക്കേണ്ടത് കോൺഗ്രസിനെയാണെന്നും ബിനോയ് വിശ്വം എംപി പരിഹസിച്ചു. ഗാന്ധിയൻ മൂല്യങ്ങളെ കോൺഗ്രസ് കളഞ്ഞുകുളിച്ചു.

cpi leader binoy viswam criticized rahul gandhi and bharat jodo yatra
Author
First Published Sep 16, 2022, 11:52 AM IST

വയനാട് : സിപിഎമ്മിന് പിന്നാലെ രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ വിമർശിച്ച് സിപിഐയും. 'ജോഡോ' എന്നതിന്റെ അർത്ഥം ഒന്നിപ്പിക്കുകയെന്നാണെന്നും രാഹുൽ ഗാന്ധി ആദ്യം ഒന്നിപ്പിക്കേണ്ടത് കോൺഗ്രസിനെയാണെന്നും ബിനോയ് വിശ്വം എംപി പരിഹസിച്ചു. ഗാന്ധിയൻ മൂല്യങ്ങളെ കോൺഗ്രസ് കളഞ്ഞുകുളിച്ചു. രാഹുലിന്റെ യാത്ര ഒരുവശത്ത് നടക്കുമ്പോൾ എംഎൽഎമാർ ബിജെപിയിലേക്ക് പോകുന്ന സ്ഥിതിയാണിന്നുള്ളതെന്നും ബിനോയ് വിശ്വം പരിഹസിച്ചു. 

യാത്രയെ പരിഹസിച്ചും വിമർശിച്ചും നേരത്തെ ബിജെപിക്കൊപ്പം സിപിഎമ്മും രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. ബിജെപിക്കെതിരെയെന്ന പേരിൽ നടത്തുന്ന യാത്രക്കെന്തിനാണ് കേരളത്തിൽ 17 ദിവസമെന്ന ചോദ്യമാണ് സിപിഎം ഉയർത്തുന്നത്. ബിജെപി ഭരിക്കുന്ന യുപിയിൽ രണ്ട് ദിവസം മാത്രമേ ഭാരത് ജോഡോ യാത്രയുള്ളൂ എന്നതും സിപിഎം ചൂണ്ടിക്കാട്ടുന്നു. ഇതിന് പിന്നാലെയാണ് സിപിഐയും കോൺഗ്രസ് യാത്രയെ പരിഹസിച്ച് രംഗത്തെത്തുന്നത്. 

എന്നാൽ രാഹുൽ ഗാന്ധി നടത്തുന്ന ജോ‍ഡോ യാത്രയെ വിമര്‍ശിക്കുന്നവര്‍ കോൺഗ്രസ് സിപിഎമ്മിനെതിരെ നടത്തുന്ന യാത്രയല്ലെന്ന് മനസിലാക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെടുന്നത്. നരേന്ദ്രമോദിയേയും ഫാസിസത്തേയും വിമര്‍ശിക്കുമ്പോൾ എന്തിനാണ് സിപിഎമ്മിന് അസ്വസ്ഥതയെന്ന് മനസിലാക്കുന്നില്ല. ജാഥ കടന്ന് പോകാത്ത ഇടങ്ങളിലും മറ്റ് രീതിയിൽ ജോ‍ഡോ യാത്രയുണ്ട്. യാത്രയുടെ റൂട്ട് തീരുമാനിക്കുന്നത് എകെജി സെന്ററിൽ നിന്നല്ലെന്നും എന്തിനാണിത്ര അസഹിഷ്ണുതയെന്നും വിഡി സതീശൻ തിരിച്ചടിക്കുന്നു. 

ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നൽകാത്തതിന് കടയിൽ കയറി അക്രമം നടത്തി; മൂന്ന് പേരെ സസ്‌പെന്‍റ് ചെയ്ത് കോണ്‍ഗ്രസ്

അതേ സമയം രണ്ട് ദിവസം മാത്രമേ യുപിയിൽ യാത്രയുള്ളൂ എന്ന വിമർശനം ഉയർന്നതോടെ ഉത്തര്‍പ്രദേശിലെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പരിപാടി അഞ്ച് ദിവസത്തേക്ക് നീട്ടിയിട്ടുണ്ട്. യുപിയിലെ യാത്ര നേരത്തെ അഞ്ച് ദിവസമാണ് നിശ്ചയിച്ചിരുന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിശദീകരിക്കുന്നത്. 

 

Follow Us:
Download App:
  • android
  • ios