Asianet News MalayalamAsianet News Malayalam

'ചന്ദ്രപ്പന് ശേഷം സംസ്ഥാന സെക്രട്ടറി ആകേണ്ടിയിരുന്നത് താൻ; അട്ടിമറിച്ചത് സംസ്ഥാനത്തെ നേതാക്കളെന്ന് സി ദിവാകരൻ

യൂണിവേഴ്സിറ്റി കോളേജിലെ പഠനകാലത്ത് ഒരു കന്യാസ്ത്രീയോട് തോന്നിയ കടുത്ത പ്രണയത്തെ കുറിച്ചടക്കം ഇതുവരെ വെളിപ്പെടുത്താത്ത പല വിവരങ്ങളും ആത്മകഥയിലുണ്ട്.

CPI leader C Divakaran  allegations against state leaders nbu
Author
First Published May 30, 2023, 3:14 PM IST

തിരുവനന്തപുരം: സി കെ ചന്ദ്രപ്പന് ശേഷം തന്നെ സംസ്ഥാന സെക്രട്ടറിയാക്കാനുള്ള കേന്ദ്ര നീക്കത്തെ സംസ്ഥാനത്തെ നേതാക്കൾ അട്ടിമറിച്ചെന്ന് മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ. കനൽവഴികൾ എന്ന ആത്മകഥയുടെ പ്രകാശനത്തോടനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ദിവാകരൻ. യൂണിവേഴ്സിറ്റി കോളേജിലെ പഠനകാലത്ത് ഒരു കന്യാസ്ത്രീയോട് തോന്നിയ കടുത്ത പ്രണയത്തെ കുറിച്ചടക്കം ഇതുവരെ വെളിപ്പെടുത്താത്ത പല വിവരങ്ങളും ആത്മകഥയിലുണ്ട്.

പ്രായപരിധി കടമ്പയിട്ട് ദിവാകരനെ ഈ സമ്മേളനകാലത്ത് കാനം പക്ഷം വെട്ടിയതാണ്. പക്ഷെ അതിനും എത്രയോ മുമ്പ് തന്നെ പാർട്ടിയിൽ പലതവണ ഒതുക്കൽ നേരിട്ടെന്ന് മുതിർന്ന നേതാവ് വെളിപ്പെടുത്തല്‍. എംഎൽഎയാകാൻ 60 വയസ്സാകേണ്ടിവന്നത് തന്നെ ഒതുക്കലിന്‍റെ തെളിവ്. പക്ഷെ ഈ തുറന്നുപറച്ചിലൊന്നും പുസ്തകത്തിലില്ല. പാർട്ടിയിലെ പോരും പ്രശ്നങ്ങളുമെല്ലാം പിന്നാലെയെഴുതുമെന്ന് ദിവാകരൻ. എന്നാൽ, ഭക്ഷണത്തിന് പോലും പ്രയാസപ്പെട്ട ബാല്യം മുതൽ ഇതുവരെ ആരും അറിയാത്ത പലതും ആത്മകഥയിലുണ്ട്.

യൂണിവേഴ്സിറ്റി കോളേജിലെ ക്ലാസിൽ രണ്ട് കന്യാസ്ത്രീകളുണ്ടായിരുന്നു. ഇതിൽ ഒരാളായ സിസ്റ്റർ ബെഞ്ചമിൻ മേരിയോടായിരുന്നു കടുത്ത പ്രണയം തോന്നിയിരുന്നുവെന്നും സി ദിവാകരൻ വെളിപ്പെടുത്തുന്നു. പ്രണയം തുറന്ന് പറഞ്ഞപ്പോൾ മൂന്ന് ദിവസം സിസ്റ്റർ അവധിയെടുത്തു. സിസ്റ്റർ താമസിച്ചിരുന്ന ബഥനി ഹോസ്റ്റലിൻ്റെ മതിൽ ചാടിക്കടക്കാൻ വരെ ശ്രമിച്ചു. ഒടുവിൽ ക്ലാസിൽ തിരിച്ചെത്തിയ സിസ്റ്റർ സി ദിവാകരനോട്  വിവാഹത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ തനിക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ലെന്നും സി ദിവാകരൻ വെളിപ്പെടുത്തി. ഒറ്റക്ക് കഴിയാൻ പോലും പ്രയാസപ്പെട്ട അക്കാലത്ത് വിവാഹമെന്നത് ചിന്തിക്കാനേ കഴിയുമായിരുന്നില്ലെന്ന് ദിവാകരൻ പറയുന്നു.

Also Read: ജ്യോതികുമാർ ചാമക്കാലയ്ക്ക് തിരിച്ചടി; മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് അന്വേഷണമില്ല; ഹര്‍ജി തള്ളി

അന്ന് തിരുവസ്ത്രം ഉപേക്ഷിച്ച് ഒപ്പം ഇറങ്ങിവരാൻ തയ്യാറായ സിസ്റ്ററെ പല സ്ഥലത്തും അന്വേഷിച്ചു. ഇന്നും സിസ്റ്ററെ കാണാനാഗ്രഹിക്കുന്നുണ്ടെന്ന് ദിവാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാഗസിൻ എഡിറ്റർ ആയിരിക്കെ സഹപാഠിയായ പത്മരാജൻ്റെ പിൽക്കാലത്തെ അതിപ്രശസ്തമായ ലോല എന്ന ചെറുകഥ പ്രസിദ്ധീകരിക്കാതെ മടക്കിയതിൽ ഇന്നും സങ്കടമുണ്ടെന്ന് ദിവാകരൻ ഓ‌ർക്കുന്നു. സംഘടനാനേതാക്കളുടെ സമ്മർദ്ദം മൂലം ലോല വെട്ടിയതിൽ അധ്യാപകനായ ഒഎൻവി കുറപ്പിൻ്റെ ശകാരം കേട്ടത് ഇന്നും ഓ‌ർമ്മയിലുണ്ട്. ഒന്നിന് മുഖ്യമന്ത്രി പുസ്തകം പ്രകാശനം ചെയ്യും.

Follow Us:
Download App:
  • android
  • ios