ബാങ്ക് പല സ്‌ഥലത്തായി വാങ്ങിയ ഭൂമിയുടെ രേഖകൾ കൃത്യമാണോ എന്ന് അറിയിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കത്ത്. 

ഇടുക്കി: ചിന്നക്കനാൽ സർവീസ് സഹകരണ ബാങ്ക് ഭരണത്തിൽ വ്യക്തത തേടി സിപിഐയുടെ കത്ത്. എൽഡിഎഫ് ഭരണ സമിതിക്കാണ് സിപിഐ കത്ത് നൽകിയത്. വ്യാജരേഖകളുടെ പിൻബലത്തിൽ എത്രപേർക്ക് കാർഷിക വായ്‍പ അനുവദിച്ചിട്ടുണ്ട് എന്നതാണ് പ്രധാന ചോദ്യം. ബാങ്കിന്‍റെ പേരിൽ ബിയൽറാം, വിലക്ക്, മുട്ടുകാട് എന്നിവിടങ്ങളിൽ വാങ്ങിയ ഭൂമിയുടെ രേഖകൾ കൃത്യമാണോ എന്ന് അറിയിക്കണം. വിലക്ക് എന്ന സ്ഥലത്ത് പെട്രേൾ പമ്പ് തുടങ്ങാൻ ബാങ്ക് സ്ഥലം വാങ്ങിയിരുന്നു. ഈ സ്ഥലം പോക്കുവരവ് ചെയ്തിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളും സിപിഐ ചോദിച്ചിട്ടുണ്ട്. പന്ത്രണ്ട് ചോദ്യങ്ങൾക്കാണ് മറുപടി ആവശ്യപ്പെട്ടിരിക്കുന്നത്. 

10 മാസം കഴിഞ്ഞിട്ടും മറുപടി ലഭിക്കാതെ വന്നതോടെയാണ് കത്ത് പുറത്തു വിട്ടത്. 13 അംഗങ്ങളുള്ള ചിന്നക്കനാൽ ബാങ്കിന്‍റെ എൽഡിഎഫ് ഭരണ സമിതിയിൽ 10 പേർ സിപിഎം അംഗങ്ങളാണ്. ബാക്കിയുള്ള മൂന്ന് സിപിഐ അംഗങ്ങൾ ചേർന്നാണ് സെക്രട്ടറിക്ക് കഴിഞ്ഞ ജൂലൈയിൽ കത്ത് നൽകിയത്. പ്രസിഡന്‍റും സിപിഎം അംഗങ്ങളും ഭരണ സമിതി എടുക്കുന്ന തീരുമാനങ്ങൾ കൃത്യമായി അറിയിക്കുന്നില്ലെന്നും സിപിഐക്ക് പരാതിയുണ്ട്. കത്തിന് സെക്രട്ടറി മറുപടി നൽകിയെന്നാണ് ബാങ്ക് പ്രസിഡന്‍റ് അളകർ സ്വാമിയുടെ വിശദീകരണം. ഓഡിറ്റിംഗിന് ശേഷം കൂടുതൽ വ്യക്തമാക്കാമെന്നും പ്രസിഡന്‍റ് പറഞ്ഞു. എൽഡിഎഫ് ഭരണ സമിതിക്ക് എതിരെ സിപിഐ രംഗത്ത് വന്നതോടെ വരും ദിവസങ്ങളിൽ സിപിഎം സിപിഐ തർക്കത്തിന് കാരണമായേക്കും. ഇതിനിടെ സെക്രട്ടറിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിനും പൊതുപ്രവർത്തകരിൽ ഒരാൾ പരാതി നൽകിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.