Asianet News MalayalamAsianet News Malayalam

മരംമുറി വിവാദം ചർച്ച ചെയ്ത് സിപിഐ, മന്ത്രിമാരെ അടക്കം വിളിച്ച് വരുത്തി കാനം

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ റവന്യൂ മന്ത്രി കെ രാജനെയും മുൻ റവന്യൂ മന്ത്രി ചന്ദ്രശേഖരനെയും വിളിച്ച് വരുത്തി. മരംകൊള്ളയുമായി ബന്ധപ്പെട്ട് ഇരുവരിൽ നിന്നും വിശദീകരണം തേടിയതായാണ് വിവരം

cpi meeting to tree felling case and revenue order
Author
Kerala, First Published Jun 14, 2021, 4:18 PM IST

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ കാലയളവിലുണ്ടായ കോടികളുടെ വനംകൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതോടെ പ്രതിരോധത്തിലായി സിപിഐ. കഴിഞ്ഞ മന്ത്രിസഭയിലെ സിപിഐ കൈകാര്യം ചെയ്ത റവന്യൂ-വനം വകുപ്പുകളുമായി ബന്ധപ്പെട്ട ഉത്തരവിന്റെ മറവിലുണ്ടായ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. വിഷയം കൂടുതൽ ചർച്ചയായതോടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ റവന്യൂ മന്ത്രി കെ രാജനെയും മുൻ റവന്യൂ മന്ത്രി ചന്ദ്രശേഖരനെയും വിളിച്ച് വരുത്തി. മരംകൊള്ളയുമായി ബന്ധപ്പെട്ട് ഇരുവരിൽ നിന്നും വിശദീകരണം തേടിയതായാണ് വിവരം. ഇരുവരും എംഎൻ സ്മാരകത്തിൽ എത്തി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തുകയാണ്. ബിനോയ് വിശ്വം എംപിയും സ്ഥലത്തെത്തിയിട്ടുണ്ട്. 

റവന്യൂ ഉത്തരവിനെ ഉദ്യോഗസ്ഥർ ദുർവ്യാഖ്യാനം ചെയ്തെന്നാണ് സിപിഐ മന്ത്രിമാർ നിലപാടെടുത്തിരുന്നത്. മുട്ടിലിൽ അടക്കമുള്ള മരം കൊള്ളക്ക് കാരണമായ റവന്യൂ വകുപ്പിൻറെ ഉത്തരവിനെ ഇപ്പോഴും ന്യായീകരിക്കുകയാണ് റവന്യുമന്ത്രി കെ രാജൻ. കർഷകതാല്പര്യം പരിഗണിച്ചിറക്കിയ ഉത്തരവ് ചിലർ ദുരുപയോഗം ചെയ്‌തെന്നാണ് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോടും പ്രതികരിച്ചത്. 

കേരളത്തിൽ കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് റവന്യൂ ഉത്തരവിന്റെ മറവിൽ വെട്ടി വീഴ്ത്തിയത്. 2019 ലാണ് പട്ടയഭൂമിയിൽ മരം മുറിക്കാൻ അനുമതി നൽകാൻ വനം-റവന്യൂ മന്ത്രിമാരുടെ തീരുമാനം ഉണ്ടായത്. 2020 മാർച്ച് 11 ന് ചന്ദനം ഒഴികെ എല്ലാ മരങ്ങളും മുറിക്കാൻ അനുവാദം നൽകി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ വി വേണു സർക്കുലർ ഇറക്കി. 2020 ഏപ്രിൽസർക്കുലറിൽ അവ്യക്തതയുണ്ടെന്ന് കളക്റ്റർമാർ അറിയിച്ചു. തുടർന്ന് 2020 ഒക്ടോബർ 24 റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജയതിലക് പുതിയ ഉത്തരവ് ഇറക്കി. മരം മുറി തടഞ്ഞാൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയുണ്ടാകുമെന്ന് ഇതിൽ മുന്നറിയിപ്പും ഉണ്ടായിരുന്നു. അതിന്റെ മറവിലാണ് മരംകൊള്ള തുടങ്ങിയത്. കോടിയൾ വിലവരുന്ന മരങ്ങളാണ് ഇത്തരത്തിൽ മുറിച്ച് മാറ്റിയത്. 

Follow Us:
Download App:
  • android
  • ios