Asianet News MalayalamAsianet News Malayalam

വിമർശനമുണ്ട്, പക്ഷേ... മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം മയപ്പെടുത്തി സിപിഐ രാഷ്ട്രീയ റിപ്പോർട്ട്

പൊലീസിനും ആഭ്യന്തര വകുപ്പിനും എതിരായി ജില്ലാ സമ്മേളനങ്ങളിൽ ഉയര്‍ന്ന പരാമര്‍ശങ്ങളെല്ലാം മയപ്പെടുത്തി, വീഴ്ചകൾ ഒറ്റപ്പെട്ടതെന്ന വിലയിരുത്തലാണ് രാഷ്ട്രീയ പ്രമേയത്തിലുള്ളത്. നിലപാടിൽ വെള്ളം ചേര്‍ത്തെന്ന ആക്ഷേപം ശക്തമാണെന്നിരിക്കെ പൊതു ചര്‍ച്ചയിൽ ഇത് പ്രതിഫലിക്കും

CPI political report moderates criticism against CM and Government
Author
First Published Oct 1, 2022, 4:20 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായ വിമര്‍ശനങ്ങൾ മയപ്പെടുത്തി സിപിഐ സംസ്ഥാന സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോര്‍ട്ട്. ജില്ലാ സമ്മേളനങ്ങൾ രൂക്ഷമായ വിമർശനം ഉയർത്തിയപ്പോഴാണ് ആ സമ്മേളനങ്ങളിലെ പ്രതിനിധികൾ കൂടി പങ്കെടുത്ത സംസ്ഥാന സമ്മേളനത്തിൽ വിമർശനങ്ങൾ സിപിഐ മയപ്പെടുത്തിയത്. യുഎപിഎ അറസ്റ്റിലും അട്ടപ്പാടി മാവോയിസ്റ്റ് വേട്ടയിലും ഇടത് നയവ്യതിയാനത്തിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് പക്ഷെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ പൊതു വിമര്‍ശനങ്ങൾ മുക്കി. പൊലീസിനും ആഭ്യന്തര വകുപ്പിനും എതിരായി ജില്ലാ സമ്മേളനങ്ങളിൽ ഉയര്‍ന്ന പരാമര്‍ശങ്ങളെല്ലാം മയപ്പെടുത്തി, വീഴ്ചകൾ ഒറ്റപ്പെട്ടതെന്ന വിലയിരുത്തലാണ് രാഷ്ട്രീയ പ്രമേയത്തിലുള്ളത്. നിലപാടിൽ വെള്ളം ചേര്‍ത്തെന്ന ആക്ഷേപം ശക്തമാണെന്നിരിക്കെ പൊതു ചര്‍ച്ചയിൽ ഇത് തീര്‍ച്ചയായും പ്രതിഫലിക്കും. വിഴിഞ്ഞം പദ്ധതിയിൽ സമരക്കാരുടെ ഉത്കണ്ഠ അവഗണിക്കാനാകില്ലെന്നും സിൽവര്‍ ലൈൻ പദ്ധതി അവധാനതയോടെ വേണമെന്നും റിപ്പോർട്ടിൽ പരാമര്‍ശം ഉണ്ട്. ഒപ്പം പ്രായപരിധി തീരുമാനത്തിലും കാനം രാജേന്ദ്രന്റെ മൂന്നാം ഊഴത്തിലും ചൂടേറിയ ചര്‍ച്ചയ്ക്കും സാധ്യതയുണ്ട്. 

നേതാക്കൾക്കിടയിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസവും വിമതസ്വരവും നിലനിൽക്കെ സിപിഐ സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു. പ്രായപരിധി, പദവി തർക്കങ്ങൾ നിനലിൽക്കേ, പതാക ഉയർത്താൻ വൈകിയെത്തിയാണ് സി. ദിവാകരൻ പ്രതിഷേധമറിയിച്ചത്. കാനം രാജേന്ദ്രൻ ദീപശിഖ തെളിയിച്ചതിന് പിന്നാലെ നേതാക്കളെല്ലാം കൊടിമരച്ചുവട്ടിലേക്ക് നീങ്ങി. പലവട്ടം വിളിച്ചിട്ടും പതാക ഉയർത്തേണ്ട സി.ദിവാകരനെത്തിയില്ല. ഒടുവിൽ നേതാക്കൾ നേരിട്ട് പോയി വിളിച്ചു. രാഷ്ട്രീയ ചരിത്രത്തിലെ അസാധാരണ സമ്മേളനമെന്ന സി. ദിവാകരന്റെ ആമുഖത്തോടെയാണ് പ്രതിനിധി സമ്മേളനത്തിന് പതാക ഉയർന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മൂന്നാം ഊഴത്തിനൊരുങ്ങുന്ന കാനം രാജേന്ദ്രന് മത്സരം നേരിടേണ്ടി വരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രായപരിധി തീരുമാനത്തിലെ കേന്ദ്ര നിലപാടും സമ്മേളന ഗതി നിയന്ത്രിക്കും.

'പാർട്ടിയാണ് ആയുധം, പാർട്ടിയെ അമ്മയെ പോലെ കരുതണം'; സിപിഐയിലെ ഭിന്നതയിൽ വിമർശനവുമായി നേതൃത്വം

സിപിഐക്കകത്തെ അഭിപ്രായ വ്യത്യാസങ്ങളിൽ നേതാക്കളെ പരോക്ഷമായി വിമർശിച്ച് പാർട്ടി അഖിലേന്ത്യ സെക്രട്ടറി ഡി.രാജ. പാർട്ടിയെ അമ്മയെ പോലെ കരുതണമെന്ന് ഡി.രാജ പറഞ്ഞു. പാർട്ടിയാണ് ആയുധം. അടിസ്ഥാനപരമായി പാർട്ടിയെ സ്നേഹിക്കാൻ കഴിയണം. അവനവന്റേതെന്ന് കരുതണം... ഡി.രാജ തിരുവനന്തപുരത്ത് പറഞ്ഞു. ജനങ്ങൾക്കിടയിൽ ജീവിക്കാൻ പാർട്ടി പ്രവർത്തകർ തയ്യാറാകണമെന്നും സിപിഐ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി.രാജ വ്യക്തമാക്കി. പാർട്ടി സമ്മേളനത്തിന് മുന്നോടിയായി കാനം ചേരിയും കെ.ഇ.ഇസ്മയിലും സി.ദിവാകരനും നേതൃത്വം നൽകുന്ന കാനം വിരുദ്ധ ചേരിയും തമ്മിൽ അഭിപ്രായ വ്യത്യാസം പ്രകടമായതിനിടയിലാണ് പാർട്ടിയാണ് വലുതെന്ന സന്ദേശ് അഖിലേന്ത്യ നേതൃത്വം പങ്കുവയ്ക്കുന്നത്.

Follow Us:
Download App:
  • android
  • ios