Asianet News MalayalamAsianet News Malayalam

'പാർട്ടിയാണ് ആയുധം, പാർട്ടിയെ അമ്മയെ പോലെ കരുതണം'; സിപിഐയിലെ ഭിന്നതയിൽ വിമർശനവുമായി നേതൃത്വം

'അടിസ്ഥാനപരമായി പാർട്ടിയെ സ്നേഹിക്കാൻ കഴിയണം. അവനവന്റേതെന്ന് കരുതണം, ജനങ്ങൾക്കിടയിൽ ജീവിക്കാൻ പാർട്ടി പ്രവർത്തകർ തയ്യാറാകണമെന്നും ഡി.രാജ'

Party is the weapon,Treat party as your mother, says CPI Secretary D Raja
Author
First Published Oct 1, 2022, 12:39 PM IST

തിരുവനന്തപുരം: സിപിഐക്കകത്തെ അഭിപ്രായ വ്യത്യാസങ്ങളിൽ നേതാക്കളെ പരോക്ഷമായി വിമർശിച്ച് പാർട്ടി അഖിലേന്ത്യ സെക്രട്ടറി ഡി.രാജ. പാർട്ടിയെ അമ്മയെ പോലെ കരുതണമെന്ന് ഡി.രാജ പറഞ്ഞു. പാർട്ടിയാണ് ആയുധം. അടിസ്ഥാനപരമായി പാർട്ടിയെ സ്നേഹിക്കാൻ കഴിയണം. അവനവന്റേതെന്ന് കരുതണം... ഡി.രാജ തിരുവനന്തപുരത്ത് പറഞ്ഞു. ജനങ്ങൾക്കിടയിൽ ജീവിക്കാൻ പാർട്ടി പ്രവർത്തകർ തയ്യാറാകണമെന്നും സിപിഐ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി.രാജ വ്യക്തമാക്കി. പാർട്ടി സമ്മേളനത്തിന് മുന്നോടിയായി കാനം ചേരിയും കെ.ഇ.ഇസ്മയിലും സി.ദിവാകരനും നേതൃത്വം നൽകുന്ന കാനം വിരുദ്ധ ചേരിയും തമ്മിൽ അഭിപ്രായ വ്യത്യാസം പ്രകടമായതിനിടയിലാണ് പാർട്ടിയാണ് വലുതെന്ന സന്ദേശ് അഖിലേന്ത്യ നേതൃത്വം പങ്കുവയ്ക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിൽ ഇടത് പാർട്ടികൾ തമ്മിലുള്ള കൂട്ടുകെട്ട് ഇപ്പോൾ തൃപ്തികരമല്ലെന്ന് ഡി.രാജ പറഞ്ഞു. കേരള, ബംഗാൾ ഘടകങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഡി.രാജ വിമർശനം ഉന്നയിച്ചത്. ഇടത് പാർട്ടികൾ ഒരുമിക്കണം. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ലയനം തത്വാധിഷ്ഠിതമായി നടക്കണം. ഗൗരവകരമായി ഇക്കാര്യത്തിൽ ചർച്ച വേണമെന്നും രാജ നിർദേശിച്ചു. ബിജെപിയെ തോൽപ്പിക്കാൻ എല്ലാ ജനാധിപത്യ മതേതര പാർട്ടികളും ഒരുമിക്കണമെന്നും ഡി. രാജ ആവശ്യപ്പെട്ടു. മതേതര ജനാധിപത്യ പാർട്ടികൾ പരസ്പര വിശ്വാസത്തോടെ യോജിക്കണം, പ്രാദേശിക പാർട്ടികളെയും ഒപ്പം കൂട്ടണം. രാഷ്ട്രീയ പ്രമേയത്തിൽ തുറന്ന ചർച്ച വേണമെന്നും ഭേദഗതികളുണ്ടെങ്കിൽ ഉയർന്ന് വരണം ഡി.രാജ നി‍ർദേശിച്ചു. 

പ്രായം ആയിപ്പോയില്ലേയെന്ന് ഇസ്മെയിൽ, ഭയവും മയവുമില്ലെന്ന് ദിവാകരൻ; പ്രായപരിധിയിൽ വ്യക്തതക്ക് സിപിഐ

അതേസമയം, നേതാക്കൾക്കിടയിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസവും വിമതസ്വരവും നിലനിൽക്കെ സിപിഐ സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു. പ്രായപരിധി , പദവി തർക്കങ്ങൾ നിനലിൽക്കേ, പതാക ഉയർത്താൻ വൈകിയെത്തിയാണ് സി. ദിവാകരൻ പ്രതിഷേധമറിയിച്ചത്. കാനം രാജേന്ദ്രൻ ദീപശിഖ തെളിയിച്ചതിന് പിന്നാലെ നേതാക്കളെല്ലാം കൊടിമരച്ചുവട്ടിലേക്ക് നീങ്ങി. പലവട്ടം വിളിച്ചിട്ടും പതാക ഉയർത്തേണ്ട സി.ദിവാകരനെത്തിയില്ല. ഒടുവിൽ നേതാക്കൾ നേരിട്ട് പോയി വിളിച്ചു. രാഷ്ട്രീയ ചരിത്രത്തിലെ അസാധാരണ സമ്മേളനമെന്ന സി. ദിവാകരന്റെ ആമുഖത്തോടെയാണ് പ്രതിനിധി സമ്മേളനത്തിന് പതാക ഉയർന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മൂന്നാം ഊഴത്തിനൊരുങ്ങുന്ന കാനം രാജേന്ദ്രന് മത്സരം നേരിടേണ്ടി വരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രായപരിധി തീരുമാനത്തിലെ കേന്ദ്ര നിലപാടും സമ്മേളന ഗതി നിയന്ത്രിക്കും.

Follow Us:
Download App:
  • android
  • ios