അസി. സെക്രട്ടറി പ്രകാശ് ബാബുവിന്‍റെ നേതൃത്വത്തിലായിരിക്കും സന്ദര്‍ശനം.
അട്ടപ്പാടി: സിപിഐ പ്രതിനിധി സംഘം വെടിവെപ്പ് നടന്ന മഞ്ചിക്കണ്ടി നാളെ സന്ദര്‍ശിക്കും. അസി. സെക്രട്ടറി പ്രകാശ് ബാബുവിന്‍റെ നേതൃത്വത്തിലായിരിക്കും സന്ദര്‍ശനം. മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിച്ചിരുന്നു. നടന്നത് വ്യാജ ഏറ്റമുട്ടലാണെന്നും ഏകപക്ഷീയമായി തണ്ടര്‍ബോള്‍ട്ട് വെടിയുതിര്‍ത്തെന്നുമൊക്കെ വാദ പ്രതിവാദങ്ങള്‍ നടക്കുന്നതിനിടെയാണ് സിപിഐ പ്രതിനിധി സംഘം നാളെ മഞ്ചിക്കണ്ടി സന്ദര്‍ശിക്കുന്നത്.
മഞ്ചിക്കണ്ടി വനത്തിൽ തണ്ടർബോൾട്ട് സംഘത്തിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ 30 റൗണ്ട് വെടിയുതിർത്തെന്നാണ് പൊലീസ് സംഘത്തിന്‍റെ നിഗമനം. ഐജിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച ശേഷമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയത്. അതേസമയം മാവോയിസ്റ്റുകൾ ഉതിർത്ത വെടിയുണ്ടകളിൽ ഒന്നുപോലും തണ്ടർബോൾട്ട് സംഘത്തിന് കൊണ്ടില്ല. പൊലീസ് സേനയിലെ ആർക്കും പരിക്കേറ്റിട്ടില്ല. പൊലീസ് സംഘം നടത്തിയ പ്രത്യാക്രമണത്തിലാണ് നാലുപേരും കൊല്ലപ്പെട്ടത്.
അട്ടപ്പാടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന ആരോപണം ശക്തമാകുന്ന സാഹചര്യത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ നടന്ന വെടിവെപ്പിന്‍റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. കൊല്ലപ്പെട്ട മൂന്ന് മാവോയിസ്റ്റുകളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ ഒരുമണിക്കൂറിലേറെ വെടിവെപ്പ് നടന്നെന്നായിരുന്നു പൊലീസും തണ്ടര്‍ബോള്‍ട്ടും പറഞ്ഞിരുന്നത്. പൊലീസുകാരും മറ്റ് ചിലരും നിലത്ത് കിടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്, കൂടാതെ വെടിയൊച്ചയും കേള്‍ക്കാം.
