കേരള തീരത്തെ കരിമണല്‍ സ്വകാര്യ മേഖലയ്ക്ക് ഖനനം ചെയ്യാന്‍ അനുവാദം നൽകുന്നതിനെതിരെ സിപിഐ അതിശക്തമായ പ്രക്ഷോഭം പ്രഖ്യാപിച്ചു. ഈ പ്രക്ഷോഭത്തില്‍ വി എം സുധീരന്‍ അടക്കം യോജിക്കാവുന്ന എല്ലാവരുമായും കൈകോര്‍ത്ത് നീങ്ങുമെന്ന് സിപിഐ.
തിരുവനന്തപുരം: കേരള തീരത്തെ അമൂല്യമായ കരിമണല്‍ സമ്പത്ത് സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ജനങ്ങളെ ആകെ അണിനിരത്തി അതിശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഈ പ്രക്ഷോഭത്തില്‍ വി എം സുധീരന്‍ അടക്കം യോജിക്കാവുന്ന എല്ലാവരുമായും കൈകോര്‍ത്ത് നീങ്ങും. ലോലപരിസ്ഥിതിയെയും തീരദേശ ജനതയെയും അപകടപ്പെടുത്തിക്കൊണ്ട് സ്വകാര്യ ഖനന ലോബിക്ക് വന്‍ലാഭമുണ്ടാക്കി കൊടുക്കാനുള്ള ഈ നീക്കത്തില്‍ അഴിമതിയുടെ സാധ്യതകളും ദേശരക്ഷാ പ്രതിസന്ധികളും ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ആരോഗ്യ - വിദ്യാഭ്യാസ മേഖലകളിൽ ഉള്‍പ്പെടെ എല്ലാ ക്ഷേമ സേവന രംഗങ്ങളിലും സര്‍ക്കാര്‍ നേരിട്ട് നടത്തിയ നിക്ഷേപങ്ങളിലൂടെയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി വളരാന്‍ കേരളത്തിന് കഴിഞ്ഞത്. ഈ വസ്തുതയെ തമസ്‌കരിച്ച് കടഭീതിയുടെ വ്യാജപ്രതീതി സൃഷ്ടിച്ച് പൊതു വിഭവങ്ങള്‍ സ്വകാര്യ മേഖലക്ക് കൊള്ളയടിക്കാന്‍ അവസരം സൃഷ്ടിക്കുകയാണ് യുഡിഎഫിന്റെ ധവളപത്രവും ബജറ്റും. ഇതിലെ ഏറ്റവും അപകടകരമായ നിര്‍ദ്ദേശങ്ങളില്‍ ഒന്നാണ് സ്വകാര്യ കരിമണല്‍ ഖനനം. കെഎംഎംഎല്‍, ഐആര്‍ഇഎല്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴി നിയന്ത്രിതമായാണ് കേരളത്തിൽ ഇതുവരെ ഖനനം നടത്തിയിട്ടുള്ളത്. ഇതില്‍നിന്നുള്ള കുതന്ത്രപൂര്‍ണമായ വ്യതിചലനത്തിന് വി ഡി സതീശന്‍ സര്‍ക്കാര്‍ കേരളത്തിലെ ജനാധിപത്യ സമൂഹത്തോട് കണക്ക് പറയേണ്ടിവരുമെന്ന് ബിനോയ് വിശ്വം പറയുന്നു.
തോട്ടപ്പള്ളി, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലകളിലും കൊല്ലത്തെ തീരദേശങ്ങളിലും കരിമണല്‍ ഖനനത്തിനെതിരായി മത്സ്യത്തൊഴിലാളികളും പരിസ്ഥിതി പ്രവര്‍ത്തകരും എല്ലാം നടത്തിയ പോരാട്ടം ചരിത്രപരമാണ്. ആ സമരവീര്യം കെട്ടടങ്ങിയെന്ന് യുഡിഎഫ് സര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍ അവര്‍ മൂഢ സ്വര്‍ഗ്ഗത്തിലാണ്. ജൂലൈ മൂന്നാം വാരത്തില്‍ ആലപ്പുഴയില്‍ കരിമണല്‍ ഖനനത്തിനെതിരെ സി പി ഐ ബഹുജന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും ബിനോയ് വിശ്വം അറിയിച്ചു.
