പിഎം ശ്രീപദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്പോര്. പിൻവലിക്കാൻ ആണോ ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചതോടെ പ്രതിപക്ഷ നേതാവ് മറുപടിയുമായി രംഗത്തെത്തി.
തിരുവനന്തപുരം: പിഎം ശ്രീപദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്പോര്. പിൻവലിക്കാൻ ആണോ പദ്ധതയിയിൽ ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ആർഎസിഎസിന്റെ വിഷ സർപ്പങ്ങൾക്ക് മുന്നിൽ വച്ച വിളക്ക് കൊളുത്തിയത് ഇടത് സർക്കാർ ആണെന്നും വിടി സതീശൻ പറഞ്ഞു. ഇതോടെ മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ഇപ്പോൾ പിഎം ശ്രീ ഇല്ലെന്നും പദ്ധതി നടപ്പായിട്ടില്ലെന്നുമാണ് പിണറായിയുടെ മറുപടി.
പിഎം ശ്രീ നടപ്പാക്കേണ്ടതില്ലെന്ന് നയപരമായ തീരുമാനമാണെന്ന് പിണറായി പറഞ്ഞു. ഞങ്ങൾ നടപ്പാക്കിയില്ല. നിങ്ങൾ നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും എസ്എസ്കെ ഫണ്ട് തടഞ്ഞെന്നും പിണറായി പറഞ്ഞു. എസ്എസ്കെ ഫണ്ട് തടഞ്ഞത് കൊണ്ടാണ് ഒപ്പ് വെച്ചതെന്നും പിണറായി വിശദീകരിച്ചതോടെ പിണറായിയെ പരിഹസിച്ചു ഭരണ പക്ഷം രംഗത്തെത്തി. എൻഇപി നടപ്പാക്കില്ലെന്ന് കേരളം നേരത്തെ തീരുമാനിച്ചു. ഇമ്മാതിരി ആളെ കൊണ്ട് വച്ചാൽ നിങ്ങൾ അപകടത്തിലാകുമെന്ന് പിണറായിയും തിരിച്ചടിച്ചു. എട്ട് മാസമായി നടപടി എടുത്തില്ലെന്ന് പിണറായി പറഞ്ഞു. എന്നാൽ ആർഎസ്എസിന് കീഴടങ്ങി ഒപ്പിട്ടുവെന്ന് സതീശൻ തിരിച്ചടിച്ചു. ഞങ്ങൾ നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും എൻഇപി ഒരിക്കലും നടപ്പാക്കില്ലെന്നും സതീശൻ മറുപടി പറഞ്ഞു.
ബജറ്റ് ചര്‍ച്ചയില്‍ നിയമസഭയില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി
ബജറ്റ് ചര്‍ച്ചയില്‍ നിയമസഭയില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശന്‍. ബജറ്റിനെതിരായ പ്രതിപക്ഷ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി. റെക്കോർഡ് ഭൂരിപക്ഷം നൽകിയാണ് ജനം യുഡിഎഫിന് ജയിപ്പിച്ചത്. പോയ സർക്കാർ എവിടെ തോറ്റോ അവിടെയെല്ലാം ബദൽ നിർദ്ദേശങ്ങളുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. സമ്പദ് വ്യവസ്ഥയുടെ ആരോഗ്യം എന്താണെന്ന് വ്യക്തമാക്കുന്ന ധവളപത്രം സർക്കാർ അവതരിപ്പിച്ചു. അത് രാഷ്ട്രീയ വിമർശനം അല്ല ആധികാരിക രേഖയാണ്. കാലത്തിനും കാലഘട്ടത്തിനും അനുസരിച്ച ബജറ്റാണ് സർക്കാർ അവതരിപ്പിച്ചത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റുന്ന ബജറ്റാണിത്. ജനസംഖ്യാപരമായ മാറ്റങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ല. പാഠ്യ പദ്ധതി പുനക്രമീകരിച്ച പുതിയ കോഴ്സുകൾ തുടങ്ങുന്നു. വയോജനങ്ങളെ സംരക്ഷിക്കണം. നന്നായി പഠിച്ചിട്ടാണ് വയോജനങ്ങൾക്കായി വകുപ്പ് ഉണ്ടാക്കിയിരിക്കുന്നത്. സാമ്പത്തികമായ വലിയ മാറ്റങ്ങളിലൂടെയാണ് കേരളം കടന്ന് പോകുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി, നികുതി ഭാരം ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കാതെ തന്നെ ഖജനാവ് നിറയ്ക്കുമെന്നും കൂട്ടിച്ചേർത്തു.
സ്വകാര്യവല്‍ക്കരണ ആരോപണം തള്ളി മുഖ്യമന്ത്രി
പൊതുമേഖല സ്ഥാപനം സ്വകാര്യവല്‍ക്കരിക്കുന്ന ഒരു വാചകം ബജറ്റിൽ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിയെ സ്വയം പര്യാപ്തമാക്കും. സപ്ലൈകോയെ ലാഭത്തിലാക്കും. സപ്ലെ ചെയ്ൻ മാനേജ്മൻ്റ് മോഡൽ സപ്ലെയ്കോയിൽ നടപ്പാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, പൊതു മേഖല സ്ഥാപനങ്ങൾ ശക്തവും ലാഭകരവുമാക്കുമെന്നും കൂട്ടിച്ചേർച്ചു. സർക്കാരിന്റെ ബാധ്യത കുറയ്ക്കും. കെഎസ്ഇബി ലാഭത്തിലായിരുന്നു ഇപ്പോ ഏത് അവസ്ഥയിലാണ്. കെഎസ്ഇബിയെ എൽഡിഎഫ് കടത്തിലാക്കി. കൂടിയ വിലക്ക് വൈദ്യുതി വാങ്ങിയതടക്കം കോടികളാണ് പ്രതിദിന നഷ്ടം. കെഎസ്ഇബിയെ ലാഭത്തിൽ ആക്കും. വൈദ്യുതി ചാർജ്ജ് കൂട്ടി പാവപ്പെട്ടവന്റെ തലയിൽ വയ്ക്കുന്നതല്ല സർക്കാർ നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കരിമണല്‍ സ്വകാര്യവത്കരണം എന്ന പ്രചാരണം തെറ്റെന്ന് മുഖ്യമന്ത്രി
കരിമണല്‍ സ്വകാര്യവത്കരണം എന്ന പ്രചാരണം തെറ്റെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ബജറ്റിൽ എവിടെയാണ് അങ്ങനൊരു പരാമർശമുള്ളതെന്ന് വിഡി സതീശൻ ചോദിച്ചു. ബജറ്റ് നിർദ്ദേശം വായിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷം ഇല്ലാ കഥകൾ പ്രചരിപ്പിക്കുകയാണെന്ന് വിമർശിച്ച സതീശൻ, പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും വാക്ക് മാറില്ലെന്നും യുടേൺ ഇല്ലെന്നും കൂട്ടിച്ചേർത്തു. കേന്ദ്ര സംസ്ഥാന സംയുക്ത സംരംഭമാണ് ലക്ഷ്യം. വാല്യു അഡിഷൻ മാത്രമാണ് ഉദ്ദേശിച്ചത്. കഥയുണ്ടാക്കാം. ഇല്ലാക്കഥകൾ ഉണ്ടാക്കരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി, ആലപ്പുഴയിലെ കരിമണൽ ആരാണ് കൊണ്ട് പോകുന്നതെന്നും ചോദിച്ചു.
സഭയിൽ പ്രതിപക്ഷ ബഹളം
പ്രക്ഷുബ്ധനാകല്ലേ എന്ന് പ്രതിപക്ഷത്തെ നോക്കി മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ സഭയിൽ പ്രതിപക്ഷ ബഹളം. നയത്തോട് വിയോജിപ്പ് കാണും, അത് പ്രസംഗം തീർന്നിട്ട് ആകാമെന്നായിരുന്നു സ്പീക്കറുടെ നിലപാട്. പ്രതിപക്ഷത്തെ നേരിടേണ്ടത് ഇങ്ങനെ അല്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ഇങ്ങനെ ആണോ പ്രതിപക്ഷത്തോട് സംസാരിക്കേണ്ടത്. യു ഹാവ് നോ റൈറ്റ് എന്ന് എങ്ങനെ ഒരു മുഖ്യമന്ത്രി പറയുമെന്ന് പിണറായി ചോദിച്ചു. നയം എന്തേന്ന് പറയാനുള്ള അവകാശം മുഖ്യമന്ത്രിക്കാണ് എന്നായിരുന്നു സ്പീക്കറുടെ മറുപടി. നയം മുഖ്യമന്ത്രി വിശദീകരിക്കട്ടെ എന്നും സ്പീക്കർ അറിയിച്ചു. നയം വിശദമാക്കുന്നതിന്നും തടസമില്ലെന്നും സ്പീക്കർ നിലപാടെടുത്തു. തടസപ്പെടുത്താൻ അവകാശം ഇല്ലെന്ന് മാത്രമാണ് സിഎം ഉദ്ദേശിച്ചതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. കെ എൻ ബാലഗോപാലിന് പ്രസംഗിക്കാൻ അവസരം നൽകാത്തത്തിൽ സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ബാലഗോപാൽ നിരന്തരം ബഹളം ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി വിമർശിച്ചു.
സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്ന് മുഖ്യമന്ത്രി
പുതിയ സാമ്പത്തിക പോളിസിയാണ് യുഡിഎഫിനുള്ളത്. അതിന് സ്വകാര്യ നിക്ഷേപം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ നിക്ഷേപം എല്ലാ മേഖലയിലും വേണമെന്ന് വിഡി സതീശൻ പറഞ്ഞു. സ്വകാര്യ പങ്കാളിത്തത്തോടെയാണ് വികസനം വരേണ്ടത്. നിക്ഷേപ സമാഹരണ കോൺക്ലേവിൽ പ്രതിപക്ഷത്തിരുന്ന് സഹകരിച്ച ആളാണ് താൻ. എൽഡിഎഫ് കാലത്തും നിക്ഷേപം ആകർഷിക്കാൻ എന്തൊക്കെ ചെയ്തുവെന്നും മുഖ്യമന്ത്രി ചോദിച്ചു. വരുമാനമുണ്ടാക്കുന്ന പദ്ധതികൾക്കാണ് മുൻതൂക്കം. നിക്ഷേപകൻ വന്നാൽ എന്താണ് തടസം എന്ന് നോക്കും. ഒരു നിക്ഷേപകനും തിരിച്ചു പോകേണ്ടി വരില്ല. പ്രൊജക്ട് ഇംപ്ലിമൻ്റേഷന് പ്രൊട്ടോകോൾ ഉണ്ടാക്കുമെന്നും പദ്ധതികൾ അനാവശ്യമായി ഇഴയാൻ സമ്മതിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നയാപൈസയുടെ നികുതി ഭാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



