Asianet News MalayalamAsianet News Malayalam

കാഞ്ഞിരപ്പള്ളിയില്‍ തൊട്ട് കളിക്കണ്ട; സീറ്റ് ജോസിന് കൊടുക്കില്ലെന്ന് സിപിഐ

കാഞ്ഞിരപ്പള്ളി കേരളാ കോണ്‍ഗ്രസിന് വിട്ട് കൊടുക്കാൻ സംസ്ഥാന നേതൃത്വം ആലോചിക്കുന്നതിനിടയിലാണ് സിപിഐ ജില്ലാ നേതൃത്വം അതിനുടക്കിടുന്നത്. 

cpi says Kanjirappally seat will not give to kerala congress
Author
Kottayam, First Published Feb 1, 2021, 7:55 PM IST

കോട്ടയം: കേരളാ കോണ്‍ഗ്രസിന് കാഞ്ഞിരപ്പള്ളി സീറ്റ് കൊടുക്കില്ലെന്ന് ആവര്‍ത്തിച്ച് സിപിഐ കോട്ടയം ജില്ലാ നേതൃത്വം. ഇന്ന് പാര്‍ട്ടി ജില്ലാ എക്സിക്യൂട്ടീവ് ചേര്‍ന്ന് ഇക്കാര്യത്തിലെ അതൃപ്തി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. അതേസമയം കാഞ്ഞിരപ്പള്ളിക്ക് പകരം കോട്ടയം നല്‍കി സിപിഐയെ മെരുക്കാനാണ് സിപിഎം നീക്കം.

കാഞ്ഞിരപ്പള്ളി കേരളാ കോണ്‍ഗ്രസിന് വിട്ട് കൊടുക്കാൻ സംസ്ഥാന നേതൃത്വം ആലോചിക്കുന്നതിനിടയിലാണ് സിപിഐ ജില്ലാ നേതൃത്വം അതിനുടക്കിടുന്നത്. നേരത്തേയും ഇക്കാര്യത്തിലെ പരസ്യ അതൃപ്തി ജില്ലാ ഘടകം വ്യക്തമാക്കിയിരുന്നു. ഇന്നത്തെ ജില്ലാ കൗണ്‍സിലിലും എക്സിക്യൂട്ടീവിലും കാഞ്ഞിരപ്പള്ളി കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതിനെതിരെ വിമര്‍ശനമുയര്‍ന്നു. കാഞ്ഞിരപ്പള്ളി വിട്ട് കൊടുത്താല്‍ മണ്ഡലത്തില്‍ നിസഹകരണം ഉള്‍പ്പടെ സിപിഐയിലെ ഒരു വിഭാഗം ആലോചിക്കുന്നു.

എന്നാല്‍ കാഞ്ഞിരപ്പള്ളിയിലും പാലായിലും കടുത്തുരുത്തിയിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാൻ കേരളാ കോണ്‍ഗ്രസ് നേതൃത്വം താഴേത്തട്ടില്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ജോസ് കെ മാണി ഈ മൂന്ന് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളിയില്‍ സിറ്റിംഗ് എംഎല്‍എ ഡോ.എൻ ജയരാജ് തന്നെയാണ് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

കാഞ്ഞിരപ്പള്ളിക്ക് പകരം കൊല്ലത്ത് ഒരു മണ്ഡലമാണ് സിപിഐ സംസ്ഥാന നേതൃത്വം സിപിഎമ്മിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ കോട്ടയം മണ്ഡലം വിട്ട് കൊടുക്കുന്നതിനോട് സിപിഎം ജില്ലാ നേതൃത്വത്തിന് എതിര്‍പ്പില്ല. പക്ഷേ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ മത്സരിക്കുന്നതിനോട് സിപിഐയ്ക്ക് യോജിപ്പില്ല. ദിവസങ്ങള്‍ക്കകം കാഞ്ഞിരപ്പള്ളിയില്‍ ഒരു തീരുമാനമുണ്ടാകുമെന്നാണ് സിപിഎം- സിപിഐ നേതൃത്വങ്ങള്‍ വിശദമാക്കുന്നത്. 

Follow Us:
Download App:
  • android
  • ios