ചില ക്രൈസ്തവ സഭകളെയും അവരുടെ നിയന്ത്രണത്തിലുള്ള മാനേജ്മെന്റ് സ്ഥാപനങ്ങളെയും മുൻ നിർത്തി കേരളത്തിൽ സംഘപരിവാർ നടത്തി വരുന്ന വർഗീയ വിഭജനത്തിന്റെ പുതിയ അധ്യായമാണ് പള്ളുരുത്തി സ്‌കൂൾ വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്നതെന്നും അരുണ്‍ പറഞ്ഞു.

കൊച്ചി: എറണാകുളം ജില്ലയിലെ പള്ളൂരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദം ആളിക്കത്തിക്കുന്നതിനു പിന്നിൽ സംഘപരിവാർ ഗൂഢാലോചനയുണ്ടെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എന്‍ അരുൺ. ചില ക്രൈസ്തവ സഭകളെയും അവരുടെ നിയന്ത്രണത്തിലുള്ള മാനേജ്മെന്റ് സ്ഥാപനങ്ങളെയും മുൻ നിർത്തി കേരളത്തിൽ സംഘപരിവാർ നടത്തി വരുന്ന വർഗീയ വിഭജനത്തിന്റെ പുതിയ അധ്യായമാണ് പള്ളുരുത്തി സ്‌കൂൾ വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്നതെന്നും അരുണ്‍ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, ഹിജാബ് വിവാദത്തിന് പിന്നാലെ കൊച്ചി പള്ളുരുത്തി സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിൽ നിന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ കൂടി പഠനം നിര്‍ത്തുന്നു. സ്കൂളിലെ രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് പഠനം നിര്‍ത്തി വെറെ സ്കൂളിലേക്ക് മാറുന്നത്.

വേറെ സ്കൂളിലേക്ക് മാറുന്നതിനായി സെന്‍റ് റീത്താസ് സ്കൂളിൽ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിനായി (ടിസി) രക്ഷിതാവ് അപേക്ഷ നൽകി. തോപ്പുംപടിയിലെ ഔവര്‍ ലേഡീസ് കോണ്‍വെന്‍റ് സ്കൂളിലേക്കാണ് കുട്ടികളെ ചേര്‍ക്കുന്നത്. ഹിജാബ് വിവാദത്തിനിരയായ സെന്‍റ് റീത്താസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് തീരുമാനം. ശിരോവസ്ത്ര വിവാദത്തിൽ സ്കൂൾ മാനേജ്മെന്‍റും പിടിഎ പ്രസിഡന്റും സ്വീകരിച്ച നിലപാട് വേദനിപ്പിച്ചുവെന്ന് സ്കൂള്‍ മാറ്റത്തിന് അപേക്ഷ നൽകിയ കുട്ടികളുടെ മാതാവ് ജസ്ന ഫേസ് ബുക്ക് പോസ്റ്റിട്ടു. ഫേസ്ബുക്ക് പോസ്റ്റിലാണ് സ്കൂള്‍ മാറ്റുന്ന തീരുമാനവും ജസ്ന അറിയിച്ചത്.

ഹിജാബ് ധരിച്ചെത്തുന്ന കുട്ടിയെ കാണുന്നത് മറ്റുള്ളവരിൽ ഭയം സൃഷ്ടിക്കുമെന്ന പ്രസ്താവന വിശ്വാസത്തെയും സംസ്കാരത്തെയും അപമാനിക്കുന്നതെന്നും ഫേസ് ബുക്ക്‌ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിൽ പഠിക്കുന്ന രണ്ടു കുട്ടികളുടെ രക്ഷിതാവാണ് താനെന്നും ഹിജാബ് ധരിച്ചതിന്‍റെ പേരിൽ ഒരു പെണ്‍കുട്ടിയോട് സ്കൂള്‍ പ്രിന്‍സിപ്പളും പിടിഎ പ്രസിഡന്‍റും സ്വീകരിച്ച സമീപനം വളരെ ഭയപ്പെടുത്തിയെന്നും താൻ ഹിജാബ് ധരിക്കുന്ന വ്യക്തിയാണെന്നും ജസ്ന ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. അടുത്ത പ്രവൃത്തി ദിവസമായ ചൊവ്വാഴ്ച ടിസി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔവര്‍ ലേഡീസ് കോണ്‍വെന്‍റ് സ്കൂളിലെ അധ്യാപികയായ കന്യാസ്ത്രീ വിളിച്ചിരുന്നുവെന്നും എല്ലാ വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടാണ് സ്കൂളിനുള്ളതെന്നും മക്കള്‍ക്ക് അവിടെ ഒരു പ്രയാസവും ഉണ്ടാകില്ലെന്നും അവര്‍ അറിയിച്ചെന്നും ജസ്ന വ്യക്തമാക്കുന്നു.

YouTube video player