ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സിപിഐയെ  വിമര്‍ശിക്കുന്നത് പതിവാക്കിയിരിക്കുകയായിരുന്നു പിവി അൻവര്‍. 

മലപ്പുറം: സിപിഐയും എല്‍ഡിഎഫ് പൊന്നാനി ലോക്സഭാ സ്ഥാനാര്‍ത്ഥി പി വി അന്‍വറും തമ്മിലുള്ള വാക്ക് തര്‍ക്കങ്ങള്‍ മുറുകുന്നതിനിടെ അന്‍വറിനെ വിമര്‍ശിച്ച് സിപിഐ മലപ്പുറം ജില്ലാ കൗൺസിൽ യോഗം. സിപിഐക്കെതിരെ അൻവര്‍ നടത്തിയ പ്രസ്താവനകൾ മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് യോഗത്തില്‍ സിപിഐ വിലയിരുത്തി. വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി സുനീറിനെ ക്വാറി മാഫിയയുടെ ആളായി ചിത്രീകരിച്ചതും ശരിയായില്ല. വിവാദ പരാമര്‍ശങ്ങള്‍ ഇനി ഉണ്ടാകരുതെന്നും യോഗം വ്യക്തമാക്കി. 

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സിപിഐയെ വിമര്‍ശിക്കുന്നത് പതിവാക്കിയിരിക്കുകയായിരുന്നു പിവി അൻവര്‍. മുന്നണി മര്യാദകളെ ബാധിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴി തുറന്നതോടെ വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഇനി നോക്കിയിരിക്കാനാവില്ലെന്ന് സിപിഎം മലപ്പുറം ജില്ലാ നേതൃത്വം അൻവറിനെ അറിയിക്കുകയും ചെയ്തിരുന്നു.

മുസ്ലീം ലീഗും സിപിഐയും ഒരുപോലെയാണെന്നും സിപിഐ നേതാക്കള്‍ എക്കാലവും തന്നെ ദ്രോഹിക്കുകയാണ് ചെയ്തിട്ടുള്ളതെന്നുമായിരുന്നു പി വി അൻവറിന്‍റെ വിവാദ പരാമര്‍ശം. വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഐ നേതാവുമായ പി പി സുനീര്‍ ലീഗിലേക്ക് ചേക്കാറാനുള്ള ശ്രമത്തിലാണെന്നും അൻവര്‍ ആരോപിച്ചിരുന്നു. സിപിഐ നേതാക്കളില്‍ ഇത് വലിയ അതൃപ്തിക്ക് ഇടയാക്കി. ജില്ലയിലുടനീളം എഐവൈഎഫ് പ്രവര്‍ത്തകര്‍ അൻവറിന്‍റെ കോലം കത്തിക്കുകയും ചെയ്തിരുന്നു.