തെരഞ്ഞെടുപ്പ് തോൽവിയിൽ കൂട്ടുത്തരവാദിത്തം വേണമെന്നും മുഖ്യമന്ത്രിയെ മാത്രം കുറ്റം പറയുന്നതിൽ അർത്ഥമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
തിരുവനന്തപുരം: രാജ്യസഭ സ്ഥാനാർത്ഥിയെ ചൊല്ലി സിപിഐ സംസ്ഥാന കൗൺസിലിൽ ഭിന്നാഭിപ്രായം. പിപി സുനീറിനെ രാജ്യസഭയിലേക്ക് അയക്കേണ്ടിയിരുന്നില്ലെന്ന് കൗൺസിലിൽ വിമർശനമുയർന്നു. മുതിർന്ന നേതാവിനെ പരിഗണിക്കണമായിരുന്നു എന്നായിരുന്നു വിഎസ് സുനിൽകുമാറിന്റെ അഭിപ്രായപ്രകടനം. തെരഞ്ഞെടുപ്പ് തോൽവിയിൽ കൂട്ടുത്തരവാദിത്തം വേണമെന്നും മുഖ്യമന്ത്രിയെ മാത്രം കുറ്റം പറയുന്നതിൽ അർത്ഥമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സർക്കാരിന്റെയും മുന്നണിയുടേയും പ്രവർത്തനം മെച്ചപ്പെടുത്തണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
ഒന്നല്ല, ഒരായിരം പിണറായിമാർ പുറത്തുണ്ടെന്നും സിപിഐ സംസ്ഥാന കൗൺസിൽ പറഞ്ഞു. സിപിഎം-സിപിഐ നേതാക്കൾ ജനഹൃദയങ്ങളിൽ നിന്ന് അകന്നു. സിപിഎം-സിപിഐ പാർട്ടികളുടെ അടിത്തറ തകർന്നു. ബൂത്തിലിരിക്കാൻ ആളില്ലാത്തിടത്ത് പോലും ബിജെപി വോട്ട് പിടിച്ചു. കേരളത്തിലെ ഇടതുപക്ഷം ഇങ്ങനെ പോയാൽ ബംഗാളിന്റെ പാതയിലെന്നും കൗൺസിലിൽ വിമർശനമുയർന്നു. ധനവകുപ്പിനെതിരെയും കടുത്ത വിമർശനമാണുണ്ടായത്. തോൽവി വിലയിരുത്തുന്നവർ മാടമ്പള്ളിയിലെ രോഗി ധനവകുപ്പെന്ന് തിരിച്ചറിയണമെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ധനവകുപ്പിന്റെ കെടുകാര്യസ്ഥത തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായി എന്നും കൗൺസിൽ കുറ്റപ്പെടുത്തി.
