കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകുന്നതായിരുന്നു അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോർട്ട്.

തിരുവനന്തപുരം: പ്രളയകാലത്ത് ഡാമുകൾ തുറന്നുവിട്ടതിൽ വീഴ്ചയുണ്ടായെന്ന അമിക്കസ് ക്യൂറി റിപ്പോർട്ട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. റിപ്പോർട്ടിലെ പരാമർശങ്ങൾ സർക്കാറിന് തിരിച്ചടിയല്ല. സർക്കാർ നടപടികൾ സെൻട്രൽ വാട്ടർ കമ്മീഷൻ നേരത്തെ തന്നെ ശരിവച്ചതാണ്. അതിനാൽ അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിന് യാതൊരു പ്രധാന്യവുമില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.

കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകുന്നതായിരുന്നു അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോർട്ട്. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച്ച പറ്റിയെന്നും ഇതേക്കുറിച്ച് പരിശോധിക്കണം എന്നാവശ്യപ്പെട്ടും പതിനഞ്ചോളം ഹര്‍ജികളാണ് കേരളഹൈക്കോടതിയില്‍ എത്തിയത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്സ് പി ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചിത്. 

കേരളത്തില്‍ പെയ്ത മഴയുടെ അളവ് തിരിച്ചറിയാന്‍ കേരളത്തിലെ സംവിധാനങ്ങള്‍ക്കും വിദഗ്ദ്ധര്‍ക്കും സാധിച്ചില്ലെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പറയുന്നു. കേരളത്തിലെ ഡാമുകളിലെ ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിച്ച് അതെപ്പോള്‍ തുറക്കണം എന്ന കാര്യത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിക്കണം എന്നാണ് ചട്ടമെങ്കിലും അത് പാലിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് മധ്യവേനല്‍ അവധിക്ക് പിരിയും മുന്‍പേ തന്നെ ഹൈക്കോടതി പരിഗണിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മഹാപ്രളയത്തിന് കാരണം ഡാം മാനേജ്മെന്‍റിലെ പാളിച്ചയാണെന്ന ആരോപണം തുടക്കം തൊട്ടേ പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയാണ് പ്രളയത്തിന് കാരണം എന്നായിരുന്നു സര്‍ക്കാര്‍ വാദം. 

Also read:മഹാപ്രളയം: ഡാം തുറന്നതില്‍ പാളിച്ച പറ്റിയെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്