Asianet News MalayalamAsianet News Malayalam

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; നിലപാട് കടുപ്പിച്ച് സിപിഐ

കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സർക്കാരിന് ഭൂഷണമല്ലെന്നും എസ്പിയെ ഭീകരവിരുദ്ധ സ്ക്വാഡിലേക്ക് മാറ്റിയതിലും എതിർപ്പുണ്ടെന്നും സിപിഐ

cpi tightens stand on nedunkandam custody murder
Author
Idukki, First Published Jul 7, 2019, 7:49 AM IST

ഇടുക്കി:  നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ നിലപാട് കടുപ്പിച്ച് സിപിഐ. ഇടുക്കി എസ്‍പിക്കെതിരായ നടപടി, സ്ഥലം മാറ്റത്തിൽ ഒതുക്കരുത്. കട്ടപ്പന ഡിവൈഎസ്‍പിക്കെതിരെയും നടപടിയെടുക്കണം. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സർക്കാരിന് ഭൂഷണമല്ലെന്നും എസ്പിയെ ഭീകരവിരുദ്ധ സ്ക്വാഡിലേക്ക് മാറ്റിയതിലും എതിർപ്പുണ്ടെന്നും സിപിഐ അറിയിച്ചു. 

ഇടുക്കി എസ്പിയെ തല്‍സ്ഥാനത്ത് നിര്‍ത്തിയുള്ള ഒരു അന്വേഷണവും അംഗീകരിക്കില്ലെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.  എസ്പി  കെ ബി വേണുഗോപാലിനെ സര്‍വ്വീസില്‍ നിന്ന് അടിയന്തരമായി സസ്പെന്‍റ് ചെയ്യണം. ജുഡീഷ്യല്‍ അന്വേഷണം സ്വാഗതം ചെയ്യുന്നെങ്കിലും എസ്പിയെ സസ്പെന്‍റ് ചെയ്യാതെയുള്ള അന്വേഷണം അംഗീകരിക്കില്ലെന്നാണ്  കെ കെ ശിവരാമന്‍ പറഞ്ഞത്. കസ്റ്റഡി പീഡനങ്ങളും മൂന്നാം മുറയും ഇടത് സർക്കാരിന്‍റെ നയമല്ലെന്നും ശിവരാമൻ പറഞ്ഞു.

അതേ സമയം നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ പ്രതിപ്പട്ടിക വിപുലീകരിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. കേസിലെ രണ്ടും മൂന്നും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനൊപ്പം മർദ്ദനത്തിന് സഹായിച്ചവരെയും തെളിവ് നശിപ്പിച്ചവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

കസ്റ്റഡി കൊലപാതകത്തിൽ നാല് പ്രതികളെന്നാണ് പീരുമേട് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഒന്നാം പ്രതി എസ്ഐ സാബുവിനേയും നാലാം പ്രതി സജീവ് ആന്‍റണിയേയും അറസ്റ്റ് ചെയ്തു. രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റും ഉടനുണ്ടാകുമെന്നാണ് വിവരം. 

ഇവരെ കൂടാതെ കൂടുതൽ പൊലീസുകാരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തേണ്ടി വരുമെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇപ്പോൾ പറയുന്നത്. രാജ്‍കുമാർ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ദിവസങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പൊലീസുകാരെയും ക്രൈംബ്രാഞ്ച് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചോദ്യം ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios