ല്ലപ്പള്ളിയിലെ പ്രസംഗത്തിൽ താൻ ഭരണഘടനയെയല്ല വിമർശിച്ചതെന്ന് ആവർത്തിക്കുകയാണ് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സജി ചെറിയാന്റെ വിവാദമായ മല്ലപ്പള്ളി പ്രസംഗം അനുചിതമെന്ന് വിലയിരുത്തി ഇടതു മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ. ഈ വിവാദം നിയമ പ്രതിസന്ധിക്ക് ഇടയാക്കിയേക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. സജി ചെറിയാന്റെ പരാമർശങ്ങൾ ഗുരുതരമെന്നും ഇത് നിയമ പോരാട്ടമായി കോടതിയിലെക്കിയാൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും സിപിഐ വിലയിരുത്തി.
വിവാദത്തിൽ മുഖ്യമന്ത്രിയെ സമ്മർദ്ദത്തിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. വിഷയം താൻ അറിഞ്ഞത് മണിക്കൂറുകൾ മുമ്പാണെന്ന് പറഞ്ഞ അദ്ദേഹം വിഷയത്തിൽ മുഖ്യമന്ത്രി ഭരണഘടന മൂല്യം ഉയർത്തിപിടിക്കുമെന്നാണ് വിശ്വാസമെന്നും പറഞ്ഞു. മന്ത്രി മാപ്പ് പറഞ്ഞതായി താൻ അറിഞ്ഞിട്ടില്ല. മുഖ്യമന്ത്രി തന്നെ മന്ത്രിയോട് വിശദീകരണം തേടിയതായി അറിഞ്ഞു. ഭരണഘടനാ പ്രകാരമുളള സത്യപ്രതിജ്ഞ ചെയ്താണ് മന്ത്രിമാർ അധികാരത്തിലേറുന്നതെന്നും ഗവർണർ ഓർമ്മിപ്പിച്ചു.
അതിനിടെ മല്ലപ്പള്ളിയിലെ പ്രസംഗത്തിൽ താൻ ഭരണഘടനയെയല്ല വിമർശിച്ചതെന്ന് ആവർത്തിക്കുകയാണ് മന്ത്രി സജി ചെറിയാൻ. ഭരണകൂടത്തെയാണ് താൻ വിമർശിച്ചത്. മന്ത്രി മാത്രമല്ലെന്നും താൻ രാഷ്ട്രീയക്കാരനാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനക്ക് എതിരെ പറഞ്ഞിട്ടില്ല. കുട്ടനാടൻ ഭാഷയിലെ പ്രയോഗമാണ് നടത്തിയത്. ഈ വിവാദത്തിൽ രാജി വെക്കേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഭരണഘടനക്കെതിരായായിരുന്നു മന്ത്രി സജി ചെറിയാന്റെ വിമർശനം. ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയെന്നാണ് വിമര്‍ശനം. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതി വച്ചു. കൂട്ടത്തിൽ മതേതരത്വം, ജനാധിപത്യം തുടങ്ങിയ കുന്തവും കുടച്ചക്രവുമെക്കെ എഴുതി വച്ചു. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മല്ലപ്പള്ളിയിൽ ഞായറാഴ്ച സി പി എം പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമർശം.
ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന്റെ രാജിയിൽ കുറഞ്ഞൊരു വിട്ടുവീഴ്ചക്കുമില്ലെന്ന് ഉറപ്പിച്ച് പ്രതിപക്ഷം പ്രതിഷേധവുമായി മുന്നോട്ട് പോവുകയാണ്. നിയമസഭയ്ക്കക് അകത്തും പുറത്തും വിഷയം ആളിക്കത്തിക്കാനാണ് പ്രതിപക്ഷ നീക്കം. യൂത്ത് കോൺഗ്രസ് രാഷ്ട്രപതിക്കും ഗവർണർക്കും പരാതി നൽകി. ബിജെപി ഗവർണറെ നേരിട്ട് കണ്ട് പരാതി അറിയിച്ചു.
