തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആരംഭിച്ചത് രാഷ്ട്രീയപ്രേരിതമായാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. കോൺഗ്രസ് എംഎൽഎയുടെ പരാതിയിൽ സിബിഐ കേസെടുത്തത് അസാധാരണമാണെന്നും സിപിഎം കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്റെ പരസ്യ പ്രസ്താവന നടപ്പിലാക്കിയ മട്ടിലാണ് സിബിഐ പ്രവർത്തിച്ചത്. ഈ നടപടി അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്താനാണെന്ന് സംശയിക്കുന്നതായും സെക്രട്ടേറിയേറ്റ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വിമർശിച്ചു.

ബിജെപി-കോൺഗ്രസ്സ് കൂട്ട്കെട്ട് ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണിതെന്ന് സിപിഎം വിമർശിച്ചു. വിവാദങ്ങളിൽ ഏതന്വേഷണവും ആകാമെന്നാണ് സർക്കാർ നിലപാട് സ്വീകരിച്ചത്. അഖിലേന്ത്യാ തലത്തിൽ സിബിഐക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ് കേരളത്തിൽ സ്തുതിപാഠകരാണ്. കോൺഗ്രസ്-മുസ്ലിം ലീഗ് നേതാക്കൾ പ്രതികളായ ടൈറ്റാനിയം, മാറാട് കലാപ കേസുകൾ സിബിഐ ഏറ്റെടുക്കാത്തത് ബിജെപി-കോൺഗ്രസ് സഖ്യത്തിന്റെ തീരുമാനപ്രകാരമാണെന്നും സെക്രട്ടേറിയേറ്റ് കുറ്റപ്പെടുത്തി.

ലൈഫ് മിഷൻ പദ്ധതിയിൽ സ്വർണക്കത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കമ്മീഷൻ കൈപ്പറ്റിയെന്ന വെളിപ്പെടുത്തൽ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഫോറിൻ കോണ്ട്രിബൂഷൻ റെഗുലേഷൻ ആക്ട് പ്രകാരം ആണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതായി കാണിച്ച് സിബിഐ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. യൂണിടാക് എംഡി സന്തോഷ് ഈപ്പൻ, സെയ്ൻ വെഞ്ച്വേർസ് എന്നീ സ്ഥാപനങ്ങൾക്കും തിരിച്ചറിയാത്തവർക്കും എതിരെയാണ് കേസ്. 

പിന്നാലെ തൃശൂരിലും എറണാകുളത്തും സിബിഐ പരിശോധന നടത്തി. യൂണിടാക് ബിൽഡേഴ്സിന്‍റെ ഓഫീസിലും ഉയർന്ന ഉദ്യോഗസ്ഥരുടെ വീടുകളിലുമാണ് റെയ്ഡ്. തിരുവനന്തപുരത്തെ  ലൈഫ് മിഷൻ ഓഫീസിലും അടുത്ത് തന്നെ സിബിഐ പരിശോധന നടത്തുമെന്നാണ് വിവരം. സ്വർണക്കടത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെ വൻ പ്രതിരോധത്തിലാക്കുന്നത് ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണം. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ ചോദ്യം ചെയ്തിരുന്നു.

ലൈഫ് മിഷൻ പദ്ധതി കേരളത്തിൽ കൈക്കാര്യം ചെയ്യുന്ന യൂണിടെക്ക് എംഡി സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിത്തും സന്ദീപും ഒരു കോടി രൂപ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നതായി കേന്ദ്ര ഏജൻസികൾക്ക് മൊഴി നൽകിയിരുന്നു. വിദേശത്ത് നിന്നും ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടലംഘനമുണ്ടായെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ്  എടുത്തത്. കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ ലൈഫ് മിഷൻ പദ്ധതിയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. സ്വർണക്കടത്ത് കേസിൽ നിലവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ്, എൻഐഎ എന്നീ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്. ഇതിനു പിന്നാലെയാണ് സിബിഐ കൂടി എത്തുന്നത്.