Asianet News MalayalamAsianet News Malayalam

ഐസക്കിനും സുധാകരനും സീറ്റില്ല; ആലപ്പുഴ സിപിഎമ്മില്‍ അതൃപ്തി

തോമസ് ഐസക്കിനും ജി. സുധാകരനും വീണ്ടും അവസരം ലഭിക്കാൻ സിപിഎം സംസ്ഥാന നേതൃത്വത്തിന് മേൽ ശക്തമായ സമ്മർദ്ദമാണ് ആലപ്പുഴയിലെ നേതാക്കൾ നടത്തിയത്.

cpim alappuzha face heat after isaac sudhakaran exit from Kerala Poll
Author
Alappuzha, First Published Mar 6, 2021, 7:37 AM IST

ആലപ്പുഴ: മന്ത്രിമാരായ തോമസ് ഐസക്കിനെയും ജി. സുധാകരനെയും വെട്ടിനിരത്തിയതിലെ അതൃപ്തി ശക്തമായിരിക്കെ സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ സ്ഥാനാർത്ഥി പട്ടിക അംഗീകരിക്കാനുള്ള സിപിഎം ആലപ്പുഴ ജില്ലാ നേതൃയോഗങ്ങൾ ഇന്ന് ചേരും. സ്ഥാനാർഥി നിർണ്ണയത്തിനെതിരെ ഐസക് - സുധാകര പക്ഷ നേതാക്കൾ യോഗങ്ങളിൽ വിമർശനം ഉന്നയിച്ചേക്കും. സംസ്ഥാന കമ്മിറ്റി അംഗവും ചെങ്ങന്നൂർ എംഎൽഎയുമായ സജി ചെറിയാന്‍റെ നേതൃത്വത്തിലുള്ള നീക്കമാണ് അപ്രതീക്ഷിത വെട്ടിനിരത്തലിന് പിന്നിലെന്നാണ് ഒരുവിഭാഗം സിപിഎം നേതാക്കൾ പറയുന്നത്.

തോമസ് ഐസക്കിനും ജി. സുധാകരനും വീണ്ടും അവസരം ലഭിക്കാൻ സിപിഎം സംസ്ഥാന നേതൃത്വത്തിന് മേൽ ശക്തമായ സമ്മർദ്ദമാണ് ആലപ്പുഴയിലെ നേതാക്കൾ നടത്തിയത്. ജില്ലയിലെ ആകെ വിജയസാധ്യതയ്ക്ക് പോലും മങ്ങലേൽക്കുന്ന തീരുമാനമെന്നാണ് യോഗത്തിൽ പങ്കെടുത്ത ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ വ്യക്തമാക്കിയത്. എന്നാൽ എതിർപ്പുകളും സമ്മർദ്ദങ്ങളുമെല്ലാം സംസ്ഥാന നേതൃത്വം പൂർണ്ണമായി തള്ളി. പുതിയ മുഖങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ സ്ഥാനാർഥി പട്ടിക അംഗീകാരത്തിനായി ഇന്ന് ജില്ലാ നേതൃത്വത്തിന് മുന്നിലെത്തും. 

ചെങ്ങന്നൂർ ഒഴികെ സിപിഎം മത്സരിക്കുന്ന മറ്റ് അഞ്ചിടങ്ങളിലും സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പുകയുന്നുണ്ട്. അമ്പലപ്പുഴയിൽ ജി. സുധാകരൻ മാറിയതിൽ പ്രാദേശികമായ എതിർപ്പ് ശക്തമാണ്. ആലപ്പുഴ സീറ്റിലും ഐസക്കിന്‍റെ അഭാവം കീഴ്ഘടങ്ങളെ അസ്വസ്ഥമാക്കുന്നു. ഇരുവരും അനൗദ്യോഗിക പ്രചാരണം പോലും തുടങ്ങിയപ്പോഴാണ് സംസ്ഥാന നേതൃത്വത്തിന്‍റെ അപ്രതീക്ഷിത നീക്കം. 

കായംകുളത്ത് യു. പ്രതിഭയുടെ പേര് ജില്ലാ നേതൃത്വം പിന്തുണച്ചാലും തുടർന്ന് ചേരുന്ന തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റിയിൽ എതിർപ്പ് ഉയർന്നേക്കും. മാവേലിക്കരയിൽ ആർ. രാജേഷിന് ഇളവ് നൽകാത്തതിന്‍റെ അതൃപ്തി ഒരുവിഭാഗം നേതാക്കൾക്ക് ഉണ്ട്. അരൂരിൽ ഗായിക ദലീമ ജോജോയ്ക്ക് അവസരം ലഭിച്ചത് ജില്ലാ നേതൃത്വത്തെ പോലും ഞെട്ടിച്ചു. പാർട്ടിക്ക് പുറത്തുള്ള ചിലരുടെ ഇടപെടൽ സ്ഥാനാർത്ഥിത്വത്തിന് പിന്നിലുണ്ടെന്നാണ് ആക്ഷേപം. 

ആലപ്പുഴ സിപിഎമ്മിലെ കരുത്തരായ ജി. സുധാകരനെയും തോമസ് ഐസക്കിനെയും ഒതുക്കാൻ, സജി ചെറിയാന്‍റെ നേതൃത്വത്തിൽ നടത്തിയ നീക്കങ്ങളാണ് അപ്രതീക്ഷിത സ്ഥാനാർഥി പട്ടികയ്ക്ക് പിന്നിലെന്നാണ് ഒരുവിഭാഗം നേതാക്കൾ പറയുന്നത്. സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരുടെ പിന്തുണയിൽ ഇവർ പാർട്ടി പിടിച്ചെടുത്തെന്നും ഐസക് സുധാകര പക്ഷ നേതാക്കൾ പറയുന്നു.

Follow Us:
Download App:
  • android
  • ios